കൊല്ലം: എല്ലായിടത്തെയും പോലെ സൈബർ ലോകത്തും പോസിറ്റീവും നെഗറ്റീവുമുണ്ട്. പോസിറ്റീവിനെ ഉൾക്കൊണ്ട് നെഗറ്റീവിനെ പൂർണമായും തള്ളിക്കളയുകയാണ് വേണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. കേരളകൗമുദി ബോധപൗർണമി സൈബർ സുരക്ഷാ സെമിനാർ എസ്.എൻ വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബർ ലോകത്ത് വിഹരിക്കുന്നവർക്ക് ആവശ്യമായ അവബോധം ഇല്ലാത്തതാണ് ചതിക്കുഴിയിൽ വീഴ്ത്തുന്നത്. പെൺകുട്ടികൾ എപ്പോഴാണ് കുരുക്കിലാകുന്നതെന്ന് പറയാനാകാത്ത സ്ഥിതിയാണ്. സൈബർ ആക്രമണം മൂലവും ജാഗ്രതയില്ലാതെ സൈബർ ഇടങ്ങളെ കൈകാര്യം ചെയ്യുന്നതിനാലും ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണവും വർദ്ധിച്ചു.
ഓരോ നിമിഷവും അപകടം നിറഞ്ഞ പാതയിലൂടെ നമ്മൾ സൈബർ ലോകത്ത് സഞ്ചരിക്കുന്നത്. കേരള പൊലീസ് സൈബർ സെല്ലും കേരളകൗമുദിയും ചേർന്ന് നടത്തുന്ന സൈബർ സുരക്ഷാ ക്ലാസിനെ ഗൗരവത്തോടെ കാണണം. ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ച കേരളകൗമുദിയുടെ നടപടി അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യാതിഥിയായി. സിറ്റി സൈബർ ക്രൈം എസ്.ഐ എ.നിയാസ് ബോധവത്കരണ ക്ലാസ് നയിച്ചു. ശ്രീനാരായണ വനിത കോളേജിലെ സുവോളജി വിഭാഗം അസോ. പ്രൊഫസറും ഐ.ക്യു.എ.സി കോ-ഓർഡിനേറ്ററുമായ ഡോ. എസ്.ആർ.റജി ആശംസയർപ്പിച്ചു. സംഗീത വിഭാഗത്തിലെ പവിത്ര ഈശ്വര പ്രാർത്ഥനയും ശ്രീനാരായണ വനിത കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ജിഷ സ്വാഗതവും ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസർ ബി.ആർ.അശ്വതി നന്ദിയും പറഞ്ഞു.
സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് പെൺകുട്ടികൾ കൂടുതൽ ജാഗ്രത പുലർത്തണം. കേൾക്കാത്തത് കേൾക്കുകയും ഇല്ലാത്തത് കാണിക്കുകയും ചെയ്യുന്നതാണ് സൈബർ ലോകം. ഇതിന്റെ ഗുണവും ദോഷവും ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് കേരളത്തിലാണ്. അക്ഷരം കൊണ്ട് എന്നും വായനക്കാരെ ബോധവത്കരിച്ചിട്ടുള്ള പത്രമാണ് കേരളകൗമുദി. പുതുതലമുറയ്ക്ക് ബോധവത്കരണം നൽകാൻ കേരളകൗമുദി നടത്തുന്ന ശ്രമം അഭിനന്ദനീയമാണ്.
എൻ. രാജേന്ദ്രൻഎസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി
സോഷ്യൽ മീഡിയകളുടെ ദോഷഫലങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ കേരളകൗമുദിയുടെ നേതൃത്വത്തിൽ നടത്തിയ ബോധപൗർണിമ സൈബർ സുരക്ഷ സെമിനാർ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിത്തിൽ ഏറെ ഗുണം ചെയ്യും.
ഡോ. എസ്. ജിഷ
പ്രിൻസിപ്പൽ, ശ്രീനാരായണ വനിത കോളേജ്
വെർച്വൽ അറസ്റ്റ് മുതൽ വിവാഹക്ഷണക്കത്തുകളുടെ രൂപത്തിൽ വരെ ഇന്ന് സൈബർ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണ്. ഒരിക്കലും തേർഡ് പാർട്ടി ആപ്ലിക്കേഷനിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കരുത്. സൈബർ ലോകത്ത് ഇടപെടുമ്പോൾ പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ ജാഗ്രത പുലർത്തണം.
ഡോ. എസ്.ആർ.റജി
സുവോളജി വിഭാഗം അസോ. പ്രൊഫസർ, ഐ.ക്യു.എ.സി കോ-ഓർഡിനേറ്ററർ
സൈബർ ലോകത്തെ ഗൗരവമേറിയ ചതിക്കുഴികൾ വിദ്യാർത്ഥികൾക്ക് പകർന്നുനൽകാൻ കേരളകൗമുദിയുടെ നേതൃത്വത്തിൽ നടന്ന സെമിനാറിന് കഴിഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകാൻ സെമിനാർ സംഘടിപ്പിച്ച കേരളകൗമുദിയുടെ നിലപാട് അഭിനന്ദനീയമാണ്. തുടർന്നും ഇത്തരം സെമിനാറുകൾ നടത്തണം.
ബി.ആർ. അശ്വതി
ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസർ
റീൽ ലൈഫല്ല റിയൽ ലൈഫ്: എ.നിയാസ്
സോഷ്യൽ മീഡിയകളിൽ കാണുന്ന കണ്ണഞ്ചിപ്പിക്കുന്ന റീലുകളിലുള്ളതല്ല റിയൽ ലൈഫെന്ന് കൊല്ലം സിറ്റി സൈബർ പൊലീസ് സ്‌റ്റേഷൻ എസ്.ഐ നിയാസ് പറഞ്ഞു. കൊല്ലം ശ്രീനാരായണ വനിത കോളേജിൽ കേരളകൗമുദി ബോധപൗർണമി സെമിനാറിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
റിയൽ ലോകത്ത് എല്ലാകാര്യങ്ങളെക്കുറിച്ചും നമ്മൾ ബോധവാന്മാരാണ്. എന്നാൽ റീൽ ലൈഫിൽ കാണുന്നതെല്ലാം ശരിയല്ല. സാമൂഹിമാദ്ധ്യമ അക്കൗണ്ടുകൾക്ക് പാസ്‌വേഡുകൾ നൽകുമ്പോൾ വ്യത്യസ്ത കോമ്പിനേഷനുകളുള്ള പാസ്‌വേഡുകൾ നൽകുന്നത് കൂടുതൽ സുരക്ഷ നൽകും. ഓരോ അക്കൗണ്ടുകൾക്കും പ്രത്യേകം പാസ്‌വേഡുകൾ നൽകണം. ഒരാളുടെ പാസ്‌വേഡ് ഉപയോഗിച്ച് മറ്റൊരാൾ ആ അക്കൗണ്ട് ഉപയോഗിക്കുന്നത് നിയമപ്രകാരം ഐഡന്റിറ്റി തെഫ്ടായി കണക്കാക്കും. പെൺകുട്ടികളുടെ സുരക്ഷയ്ക്ക് എന്നും സൈബർ സെൽ പ്രാമുഖ്യം നൽകുന്നുണ്ട്. സൈബർ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ഇ-മെയിൽ വഴിയോ പരാതികൾ നൽകാം.