ഓയൂർ : കാട്ടുപന്നി ശല്ല്യത്താൽ കൃഷിയോട് വിട പറഞ്ഞ് കിഴക്കൻ മേഖലയിലെ കർഷകർ. കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വടക്ക് കിഴക്കൻ അതിർത്തിയായ ആറയിൽ, വെളിനെല്ലൂർ പഞ്ചായത്തിലെ പെരുമത്തോട്, അടയറ, അമ്പലംകുന്ന്,പാപ്പലോട് പ്രദേശങ്ങളും ഇളമാട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളുമാണ് കാട്ടുപന്നി ശല്ല്യം കൊണ്ട് ദുരിതമനുഭവിക്കുന്നത്.
വീട്ടുപുരയിടങ്ങളിലും തൊടികളിലും നട്ട മരച്ചീനി, ചേമ്പ്, ചേന, ചെറുവള്ളി കിഴങ്ങ്,തൈതെങ്ങ്,റബർ തൈകൾ എന്നിവയാണ് നശിപ്പിച്ചത്. പകൽ സമയത്ത് പ്രദേശത്തെ കാടുകയറിയ പുരയിടങ്ങളിൽ തമ്പടിക്കുന്ന പന്നിക്കൂട്ടമാണ് രാത്രി വിളകൾ കുത്തിമറിക്കുന്നത്. നെറ്റിന്റെ വല ഉപയോഗിച്ചുള്ള വേലികൾ തകർത്താണ് വിളയാട്ടം.
പഞ്ചായത്ത് വേട്ടക്കാരനെ വരുത്തിയെങ്കിലും പന്നികളെ കണ്ടെത്താനായില്ല. പന്നിയെ കാണിച്ചു കൊടുത്താൽ കൊല്ലുമെന്നാണ് വെളിനെല്ലൂർ പഞ്ചായത്ത് അധികൃതർ പറയുന്നത്.എങ്ങു നിന്നും നഷ്‌ടപരിഹാരം ലഭിച്ചില്ല. വലിയ സാമ്പത്തിക ബാദ്ധ്യതയും മാനസിക വ്യഥയുമുണ്ടാക്കുന്ന കൃഷി ഇനി ചെയ്യില്ല.
എം. അബ്‌ദുൾ മജീദ്
പുതുവിള വീട്
പാപ്പലോട്