കൊല്ലം: വനിത ഹൗസ് സർജനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി​ സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. സെർബിൻ മുഹമ്മദിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം സെർബിന്റെ ഉള്ളൂരിലെ വീട്ടിലും ബന്ധുവീടുകളിലും പാരിപ്പള്ളി പൊലീസ് പരിശോധന നടത്തിയെങ്കിലും അവിടെയുണ്ടായിരുന്നില്ല.

പാസ്പോർട്ടിന്റെ കാലാവധി ഒരുമാസം മുമ്പ് അവസാനിച്ചതിനാൽ രാജ്യം വിട്ടുകാണില്ലെന്നാണ് നിഗമനം. വ്യാജ പാസ്പോർട്ടിൽ കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എല്ലാ എയർപോർട്ടുകൾക്കും ചിത്രം സഹിതം അറിയിപ്പ് നൽകിയിട്ടുണ്ട്. പാരിപ്പള്ളി സി.ഐയുടെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാരുടെ മൊഴിയെടുക്കും. ഒക്ടോബർ 24ന് വൈകിട്ട് മദ്യം നൽകിയശേഷം ഡ്യൂട്ടി റൂമിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഹൗസ് സർജന്റെ പരാതി. മെഡി​ക്കൽ കോളേജ് അധി​കൃതർ ആഭ്യന്തര അന്വേഷണം നടത്തി​ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം നടത്തി സെർബിൻ മുഹമ്മദിനെ സസ്പെൻഡ് ചെയ്തു.

സസ്പെൻഷനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.