കൊട്ടാരക്കര: കലോത്സവ മുറ്റത്തെത്തിയപ്പോൾ ഡോ.എം.എസ്.മാളവികയ്ക്ക് ഓർമ്മകളുടെ തിരയിളക്കം. അഞ്ചാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം കാണാനെത്തിയത്. അന്നും ഇന്നും തമ്മിൽ കാതലായ മാറ്റങ്ങളില്ലെന്നാണ് മാളവികയുടെ പക്ഷം. ആൺകുട്ടികളുടെ ഭരതനാട്യം കാണാനാണ് ഒന്നാം വേദിയിലെത്തിയത്. പിന്നെ നാടകം, മോണോ ആക്ട്, ലളിതഗാനം, മോഹിനിയാട്ടം വേദികളിലുമെത്തി. കണ്ടും കേട്ടും മനസ് നിറച്ചായിരുന്നു മടക്കം. തുടർച്ചയായി എട്ടുവർഷം ജില്ലാ- സംസ്ഥാന കലോത്സവത്തിൽ മിന്നിയ മാളവിക വാരിക്കൂട്ടിയ സമ്മാനങ്ങൾക്ക് കണക്കില്ല. ഗസൽ, പദ്യപാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, മോണോ ആക്ട് തുടങ്ങി ഒട്ടുമിക്ക ഇനങ്ങളിലും പങ്കെടുത്തിരുന്നു. പ്ളസ് ടുവിന് ശേഷം ബി.എ.എം.എസ് പഠിച്ച് ഡോക്ടറായി. ഇപ്പോൾ മ്യൂസിക് തെറാപ്പിയും സംഗീത ഭൂഷണവും പഠിച്ചുവരികയാണ്. ഏറ്റവും കൂടുതൽ വേദികളിൽ മാജിക് അവതരിപ്പിച്ച ഏറ്റവും പ്രായംകുറഞ്ഞ മജീഷ്യയെന്ന നിലയിൽ 'ജീനിയസ് വേൾഡ് റെക്കാഡ്' ഉൾപ്പടെ അഞ്ച് ലോക റെക്കാഡുകൾ പണ്ടേ സ്വന്തമാക്കിയ മാളവിക ഇപ്പോഴും മാജിക്, സംഗീത വേദികളിൽ സജീവമാണ്. ബ്ളോഗറും യുടൂബറുമായ കൊല്ലം പുളിയത്തുമുക്ക് സ്നേഹനഗർ പ്രബോധത്തിൽ മാളവികയ്ക്ക് എം.നൊട്ടേഷൻ എന്നപേരിൽ മ്യൂസിക് ബാൻഡുണ്ട്. സംഗീതം പഠിപ്പിക്കുന്നുമുണ്ട്.