കൊട്ടാരക്കര: ആറാം വയസ് മുതൽ ആൻമരിയയ്ക്ക് ലോകമറിയുന്ന നർത്തകിയാകണമെന്നാണ് ആഗ്രഹം. കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയായ ആൻമരിയ എച്ച്.എസ്.എസ് ഭരതനാട്യ മത്സരവേദിയിൽ അസാധാരണ പദചലനകങ്ങളോടെ മുദ്രകൾ കാട്ടിയാണ് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയത്. അസുരന്മാർ സ്വർഗം കീഴടക്കുന്ന ഘട്ടത്തിൽ ദേവരക്ഷയ്ക്കായി തൃക്കണ്ണ് തുറന്ന മഹാദേവനോടുള്ള സ്തുതിഗീതത്തിനൊത്തായിരുന്നു ആൻമരിയ നടനമുഹൂർത്തമൊരുക്കിയത്. കൊല്ലം പള്ളിത്തോട്ടം ശംഖുമാലി പുരയിടത്തിൽ ഷിബു സ്റ്റീഫന്റെയും സോജാമേരിയുടെയും മകളാണ്. കഴിഞ്ഞ വർഷം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. സംസ്ഥാന കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ നടിയും നർത്തകിയുമായ ആശാശരത്തിനൊപ്പം നൃത്തം അവതരിപ്പിക്കാനും കഴിഞ്ഞിരുന്നു.