
തഴവ: അശരണരുടെ ആശ്രയ സങ്കേതമായ ആൽത്തറകളിൽ ആയിരം തിരി കൊളുത്തി ഓച്ചിറയിൽ ഭക്തജനങ്ങൾ പന്ത്രണ്ട് വിളക്ക് തൊഴുതു. ഇന്നലെ ഉച്ച മുതൽ തന്നെ ക്ഷേത്ര പടനിലത്ത് ഭക്തജനങ്ങളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. പർണശാലകൾ, സത്രങ്ങൾ എന്നിവിടങ്ങളിൽ വൃശ്ചികം ഒന്ന് മുതൽ ഭജനം പാർത്തുവരികയായിരുന്ന ഭക്തജനങ്ങൾ വിളക്ക് തൊഴുന്നതിനായി കിഴക്ക് - പടിഞ്ഞാറ് ആൽത്തറകൾക്ക് മുന്നിൽ വൈകിട്ടോടെ തന്നെ സ്ഥാനമുറപ്പിച്ചു. കൽ വിളക്കുകളിലെ വിളക്ക് കുഴികളിൽ എണ്ണ പകർന്ന് ഭക്തജനങ്ങൾ കൈത്തിരികൾ കൊളുത്തിയതോടെ പടനിലം ദീപോദ്യാനമായിമാറി. കർപ്പൂരച്ചട്ടികളിൽ അഗ്നി കൊളുത്തി അഗതികളുടെ അരൂപിയായ തമ്പുരാന് ആരതി ഉഴിഞ്ഞതോടെ ആകാശം മുട്ടിയ ശരണം വിളിയൊച്ചകളിൽ വൃശ്ചികോത്സവത്തിന് സമാപനമായി.