navya
കലോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ നവ്യായക കേരളനടനം അവതരിപ്പിക്കുന്നു

കൊല്ലം: പതിവ് തെറ്റാതെ ഇത്തവണയും നവ്യായകയുടെ നൃത്തത്തോടെയാണ് കലോത്സവ വേദി ഉണർന്നത്. ഡൗൺ സിൻഡ്രോമിനെ കലകൊണ്ട് അതിജീവിച്ച നവ്യായക കേരളനടനമാടിയാണ് ഉദ്ഘാടന വേദിയുടെ താരമായത്. കഴിഞ്ഞ രണ്ടു വർഷവും മോഹിനിയാട്ടമാണ് അവതരിപ്പിച്ചത് . മകൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ അമ്മയും ഗുരുവുമായ ശ്രീകലയും അമ്മാവനായ ഹരിയും കൈയ്യടിയുമായി മുൻ നിരയിൽ ഉണ്ടായിരുന്നു. പുനലൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ നവ്യായക 2018 മുതൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സ്ഥിരമായി സംസ്ഥാനതലത്തിൽ മോഹനിയാട്ടത്തിലും നടോടി നൃത്തത്തിലും എ ഗ്രേഡ് സ്വന്തമാക്കുന്നു.

മൂന്നു വയസ് മുതൽ ആണ് നൃത്തത്തിന്റെ ലോകത്തേക്ക് അമ്മയുടെ കൈപിടിച്ച് എത്തിയത്. പാട്ടുകേൾക്കുമ്പോൾ താളം പിടിക്കുന്നതും മറ്റും കണ്ടാണ് നൃത്തത്തോട് അഭിരുചിയുണ്ടെന്ന് മനസിലാക്കിയത്. മകൾക്ക് ലഭിക്കുന്ന അവസരങ്ങളിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ശ്രീകല പറയുന്നു.