കൊല്ലം: ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട കാർ വഴിയോര കച്ചവടക്കാർക്ക് ഇടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ വഴിയോര കച്ചവടം നടത്തുന്ന പാളയംകുന്ന് രമേശ് ഭവനിൽ രമേശ് (55), സാധനം വാങ്ങാനെത്തിയ വേളമാനൂർ അമ്പൂരി ചരുവിള വീട്ടിൽ അശോകൻ (51), ബൈക്ക് യാത്രക്കാരിയായ പാരിപ്പള്ളി ജവഹർ ജംഗ്ഷൻ സ്വദേശി ഷിജി (39) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ പാരിപ്പള്ളി മുക്കട ജംഗ്ഷനിലായിരുന്നു അപകടം. ദേശീയപാതയിലൂടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാർ വർക്കല ഭാഗത്തേക്ക് പോകാൻ മുക്കടയിൽ വച്ച് തിരിഞ്ഞതിന് പിന്നാലെ എതിർദിശയിൽ നിന്ന് ഷിജിയും ഭർത്താവും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചു. സാവധാനത്തിൽ വന്ന കാർ കൂട്ടിയിടിക്ക് പിന്നാലെ അമിതവേഗത്തിൽ വശത്തുള്ള വഴിയോരക്കച്ചവടക്കാർക്ക് ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരച്ചീനി കച്ചവടം ചെയ്തുകൊണ്ടിരുന്ന രമേശ് കാറിടിച്ച് ദൂരേക്ക് തെറിച്ചുവീണു. കാറിനടിയിൽപ്പെട്ട അശോകന്റെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. മറ്റ് കച്ചവടക്കാർ ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ ഷിജിക്ക് നേരിയ പരിക്കേറ്റു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.