കൊട്ടാരക്കര: കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി കൊട്ടാരക്കര കരിക്കം ഇന്റർനാഷണൽ പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച ഗതാഗതത ബോധവത്കരണ സെമിനാർ കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. റോഡ് മര്യാദകൾ പാലിക്കേണ്ടതിന്റെ ആവശ്യകത, ചെറിയ പ്രായത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളെപ്പറ്റി കുട്ടികളിൽ അവബോധം വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് സെമി​നാർ നടത്തി​യത്.

സ്കൂൾ ഡയറക്ടർ സൂസൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ബോധവത്കരണ ക്ളാസ് നയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എൽ. സന്തോഷ് കുമാർ മുഖ്യസന്ദേശം നൽകി. കരിക്കം ഇന്റർനാഷണൽ പബ്ളിക് സ്കൂൾ ചെയർമാൻ ഡോ. എബ്രഹാം കരിക്കം, പ്രിൻസിപ്പൽ ഷിബി ജോൺസൺ, അഡ്മിനിസ്ട്രേറ്റർ നിഷ വി.രാജൻ, കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ എന്നിവർ സംസാരിച്ചു.

പഠി​ച്ചു, റോഡി​ലെ മര്യാദകൾ

നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച് നി​രവധി​ സംശയങ്ങളുണ്ടായിരുന്നു കുട്ടികൾക്ക്. ഹെൽമറ്റും സീറ്റ് ബെൽറ്റുമൊഴി​കെ ഗതാഗത നിയമങ്ങളെപ്പറ്റി അവർക്ക് അറി​വുണ്ടായി​രുന്നി​ല്ല. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആ മനസുകളിലേക്ക് കടന്നുചെന്ന്

കഥപറയുംപോലെ പഠിപ്പിച്ചു. ഇരുവശങ്ങളിലായി കുട്ടികളെ ഇരുത്തി ഇടനാഴി ഒരു റോഡായി സങ്കല്പിച്ചു. കുട്ടികൾ ബസും ലോറിയും കാറും ബൈക്കുമൊക്കെയായി മാറി. വാഹനം നിറുത്തേണ്ടതും സിഗ്നൽ കാട്ടേണ്ടതും മുന്നോട്ടെടുക്കേണ്ടതുമൊക്കെ ഇത്തിരിനേരംകൊണ്ട് അവരിലൂടെ കാണിച്ചപ്പോഴാണ് സെമിനാർ കൂടുതൽ ശ്രദ്ധേയമായത്. അനുഭവത്തിൽക്കൂടി പഠിക്കാനായതിന്റെ സന്തോഷത്തോടെയാണ് ക്ളാസുകൾ അവസാനിച്ചത്. ഇടയ്ക്ക് ചോദ്യങ്ങളുമുണ്ടായി. അതിനൊക്കെ കൃത്യമായ ഉത്തരം നൽകാനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായി.

..............................

കേരളകൗമുദി ഏറ്റെടുത്തത് കാലഘട്ടത്തിന്റെ ദൗത്യമാണ്. ഗതാഗത ബോധവത്കരണം മാത്രമല്ല, സൈബർ സുരക്ഷ ക്ളാസുകൾ, ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികൾ എന്നിവയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിവരുന്നു. കുട്ടികൾ നാളത്തെ പ്രതീക്ഷകളാണ്. അവരെ നല്ലവഴിക്ക് നടത്താനും വിജയത്തിന്റെ പടവുകളിലേക്ക് എത്തിക്കാനും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ്. നിരത്തുകളിൽ പാലിക്കേണ്ട മര്യാദകൾ ഏറെയാണ്. അല്പം അശ്രദ്ധ കാട്ടിയാൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും നഷ്ടപ്പെടാം. കാൽനടയാത്രികരോട് നീതി പുല‌ർത്തണം. പ്രായമായവർ വഴിനടന്നുവരുമ്പോൾ അവർക്ക് പ്രാധാന്യം നൽകണം, സഹായിക്കണം. ഗതാഗത നിയമങ്ങളെപ്പറ്റി ചെറിയ പ്രായംമുതൽ അവബോധമുണ്ടാക്കുകയും ജീവിതത്തിലുടനീളം പാലിക്കുകയും വേണം

എസ്.ആർ.രമേശ്, നഗരസഭ ചെയർമാൻ, കൊട്ടാരക്കര

........................................................

ഓരോ വീട്ടിലും ഒന്നും അതിൽ കൂടുതലും വാഹനങ്ങൾ ഉണ്ട്. അതിനനുസരിച്ച് റോഡ് വികസനം വന്നിട്ടുമില്ല. അപ്പോൾ അപകടങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. എത്രയെത്ര ജീവനുകളാണ് നിരത്തുകളിൽ പൊലിയുന്നത്. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചാൽ ഈ അപകടങ്ങളുടെ നിരക്കുകൾ കുറയ്ക്കാം. വാഹനവുമായി നിരത്തിലിറങ്ങിയാൽ ആദ്യം വേണ്ടത് ക്ഷമയാണ്. അനാവശ്യ തിടുക്കങ്ങൾ അപകടങ്ങളെ ക്ഷണിച്ചുവരുത്തും. അപകടം ഉണ്ടാകില്ലെന്ന ധാരണയാണ് പലർക്കും. എന്നാൽ ഒരു നിമിഷംമതി എല്ലാം തകിടം മറിയാൻ. ലഹരി ഉപയോഗിച്ച് ഡ്രൈവ് ചെയ്യരുത്. കുട്ടികൾക്ക് ഇക്കാര്യത്തിൽ ഒട്ടേറെ കടമകളുണ്ട്. വീട്ടിലെ മുതിർന്നവരെ, ഗതാഗത നിയമങ്ങൾ പാലിക്കാൻ നിർബന്ധിക്കണം. സ്വയം പഠിച്ച് ജീവിതത്തിൽ പുലർത്തണം

ടി.എൽ.സന്തോഷ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ

.......................................

കൃത്യതയോടെ വാഹനം ഡ്രൈവ് ചെയ്താലും എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ അപകടമുണ്ടാക്കിയേക്കാം. ആ നിലയിൽ എല്ലാവരും റോഡ് മര്യാദകൾ പാലിക്കാൻ നിർബന്ധിതരാകണം. സ്വയം ബോധവത്കരണമാണ് ആവശ്യം. ലൈസൻസ് എടുക്കുന്നതിന് വേണ്ടി മാത്രം ഗതാഗത നിയമങ്ങൾ പഠിച്ചാൽ പോരാ. ഓരോരുത്തരും ചെറിയ പ്രായത്തിൽത്തന്നെ ഗതാഗത നിയമങ്ങളെപ്പറ്റി ബോധമുള്ളവരാകണം. റോഡിലെ വരകളെപ്പറ്റിയും സിഗ്നൽ ലൈറ്റുകളെ സംബന്ധിച്ചും വാഹനങ്ങളുടെ സിഗ്നലുകളെപ്പറ്റിയുമൊക്കെ നല്ല ധാരണയുണ്ടാവണം.വാഹനങ്ങൾക്ക് കടന്നുപോകാൻ മാത്രമല്ല റോഡുകളുള്ളത്. കാൽനടയാത്രികർക്ക് പ്രാധാന്യം നൽകണം. കാൽനടക്കാർ ഫുട് പാത്തുകൾ ഉപയോഗിക്കാൻ ശീലിക്കണം. ലൈസൻസ് ഇല്ലാത്ത ഒരാളും വാഹനം ഡ്രൈവ് ചെയ്യരുത്. ഗതാഗത നിയമങ്ങൾ പാലിക്കുമ്പോൾ നമ്മളും മറ്റുള്ളവരും സുരക്ഷിതരാകും

രാംജി കെ.കരൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ

............................................

ചെറിയൊരു അശ്രദ്ധമതി, വലിയ അപകടങ്ങളുണ്ടാകാൻ. ജീവിതം ഒന്നേയുള്ളു. അത് സൂക്ഷിച്ച്, ആസ്വദിച്ച് മുന്നോട്ടുകൊണ്ടുപോകണം. നമ്മുടെ മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവരുടെയും ജീവന് വിലകൊടുക്കേണ്ടതുണ്ട്. നിയമങ്ങൾ ഏതുതന്നെയായാലും പാലിക്കാനുള്ളതാണ്. ഗതാഗത നിയമ ലംഘനങ്ങൾ കൂടിവരുന്നുണ്ട്. അതുകൊണ്ടാണ് അപകടങ്ങളുടെ തോത് കൂടുന്നത്. ഞാൻ മൂലം ഒരു അപകടവും ഉണ്ടാകില്ലെന്ന് തീർച്ചപ്പെടുത്തുവാൻ ഓരോ വ്യക്തികളും തയ്യാറാകണം. അതിന് ചില റോഡ് മര്യാദകൾ പാലിക്കേണ്ടതുണ്ട്. എന്റെ വിദ്യാലയത്തിലെ കുട്ടികളെ ഗതാഗത നിയമങ്ങൾ പഠിപ്പിക്കാനും പാലിക്കുമെന്ന് ഉറപ്പാക്കാനും ശ്രമിക്കും

ഡോ.എബ്രഹാം കരിക്കം, ചെയർമാൻ, കരിക്കം ഇന്റർനാഷണൽ പബ്ളിക് സ്കൂൾ

.........................................

ഓരോരുത്തരും പലവിധ കണക്കുകൂട്ടലുകളോടെയാണ് ജീവിക്കുന്നത്. എന്നാലതൊക്കെ ഒറ്റ നിമിഷംകൊണ്ട് തകർന്നുപോയേക്കാം. റോഡപകടങ്ങൾ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഇന്നലെയും രണ്ട് മരണങ്ങളുടെ സങ്കടവാർത്ത വായിക്കേണ്ടിവന്നു. മരണങ്ങളായാലും ഗുരുതര പരിക്കുകളായാലും അത് മനുഷ്യ ജീവിതങ്ങളെ പാടെ മാറ്റിമറിച്ചുകളയും. നമുക്ക് പാലിക്കേണ്ടതായ ഒത്തിരി കടമകളുണ്ട്. അത് എല്ലായിടത്തുമുണ്ട്. നിരത്തിലെ മര്യാദകൾ പാലിച്ചില്ലെങ്കിൽ നമുക്ക് മാത്രമല്ല, മറ്റനേകം പേർക്ക് അതിന്റെ ദുരിതങ്ങളുണ്ടാകും

ഷിബി ജോൺസൺ, പ്രിൻസിപ്പൽ