t
കത്തി നശച്ച കടയിൽ ഉമർ

കൊല്ലം: ഉമറിന്റെ 'ഫെയർ കട്ടിംഗ് ജെന്റ്സ് ബ്യൂട്ടി പാർലറി'ന്റെ ഉദ്ഘാടനം ഇന്നു രാവിലെ വെള്ളിയിട്ടമ്പലം ജംഗ്ഷനിൽ ഗംഭീരമായി നടക്കേണ്ടതായിരുന്നു. പുതിയ കടയിൽ കൂടുതൽ ആളുകളെത്തി, തന്റെ ജീവിതം പച്ചപിടിക്കുന്നത് അടക്കം സ്വപ്നങ്ങൾ കണ്ടു, പക്ഷേ, ഇന്നലെ ഉച്ചയ്ക്ക് നിമിഷം നേരം കൊണ്ട് സ്വപ്നങ്ങളെല്ലാം കത്തിയെരിഞ്ഞു.

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ്, വെള്ളയിട്ടമ്പലം ജംഗ്ഷനിലെ ഹെയർ കട്ടിംഗ് സലൂൺ ഉമർ മോടി പിടിപ്പിക്കാൻ തീരുമാനിച്ചത്. കൈയിൽ പണമില്ലാത്തതിനാൽ ബന്ധുവിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങിയാണ് കട നവീകരിച്ചത്. വൻ വിലയുള്ള ഫേഷ്യൽ ബെഡ്, കസേരകൾ, എ.സി, കണ്ണാടികൾ തുടങ്ങിയവ സ്ഥാപിച്ചു. ഭിത്തികളിലടക്കം ഉയർന്ന നിലവാരത്തിലുള്ള പാനലുകൾ പതിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 വരെ കടയിൽ തൊഴിലാളികൾക്കൊപ്പം അവസാനഘട്ട മിനുക്കു പണികളിലായിരുന്നു. ഇതിനിടയിൽ വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് നെഞ്ച് പിളർക്കുന്ന വിവരമറിഞ്ഞത്. കടയ്ക്ക് തീ പിടിച്ചു. ഉമർ ഓടിയെത്തിയപ്പോഴേക്കും എല്ലാം കത്തിക്കരിഞ്ഞു.

ചാമക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീകെടുത്തിയത്. ഷോർട്ട് സർക്യൂട്ടാകാം അഗ്നിബാധയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാമക്കട ഫയർ സ്റ്റേഷനിലെ അസി സ്റ്റേഷൻ ഓഫീസർ ജെ. ഗ്ലാഡ്സൺ, എസ്.എഫ്.ആർ.ഒ സി. ചന്ദ്രകാന്ത്, എഫ്.ആർ.ഒമാരായ ജി. റോയി, ഫൈസൽ, വിപിൻ മാത്യു, എസ്. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്.