കൊല്ലം: 52-ാമത് സീനിയർ സംസ്ഥാന പുരുഷ-വനിത ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് 29, 30, ഡിസംബർ 1 തീയതികളിൽ കൊല്ലത്ത് നടക്കും. കൊല്ലം ക്യു.എ.സിയിലെ മൂന്ന് ഗ്രൗണ്ടുകളിലായി നടക്കുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിലുള്ള മുഴുവൻ ജില്ലകളിൽ നിന്നും വരുന്ന 600 ഓളം പുരുഷ-വനിതാ കായികതാരങ്ങൾ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ അന്താരാഷ്ട്ര താരങ്ങൾ, ഇന്ത്യൻ ടീം ക്യാപ്ടൻ പ്രസീദ് കുമാർ തുടങ്ങിയവരെ ആദരിക്കും. 29ന് വൈകിട്ട് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡിസംബർ 1ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും. ഡിസംബർ 26 മുതൽ 31 വരെ ചങ്ങനാശേരിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലുള്ള പുരുഷ-വനിത ടീമുകളെ കൊല്ലത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ തിരഞ്ഞെടുക്കും. അസോ. പ്രസിഡന്റ് കെ.മനോജ്, സെക്രട്ടറി രാധാകൃഷ്ണൻ, ട്രഷറർ -പൂജ ഷഹാബ്, ലക്ടീഷ്യ ക്രിസ്റ്റ്രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.