കൊല്ലം: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ തീപ്പൊള്ളലേറ്റ നിലയിലും ഓട്ടോയ്ക്ക് ഭാഗികമായ തീ പിടിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. ഉമയനല്ലൂർ മാടച്ചിറ സ്വദേശികളായ ഷഫീക്ക് (36), അഹമ്മദ് തുഫൈൽ (29) എന്നിവരെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോയിൽ പൊള്ളലേറ്റ നിലയിൽ കാണപ്പെട്ട മാടച്ചിറ സ്വദേശി റിയാസിന്റെ (36) മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഉമയനല്ലൂർ മാടച്ചിറ വയലിന് സമീപം ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. റിയാസിനെ പൊള്ളലേറ്റ നിലയിൽ ഇവിടെ കാണപ്പെടുകയായിരുന്നു. റിയാസ് കൊല്ലത്ത് നിന്ന് ഓട്ടം വിളിച്ചുകൊണ്ടുവന്ന ഓട്ടോയാണ് തീ പിടിച്ച നിലയിൽ കാണപ്പെട്ടത്. ഓട്ടോ മാടച്ചിറയിൽ രണ്ടുപേർ തടഞ്ഞുനിറുത്തി റിയാസുമായി വാക്കേറ്റം നടന്നുകൊണ്ടിരിക്കെ ഓട്ടോയ്ക്ക് തീ പിടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവർ മുജീബ് പറയുന്നത്. റിയാസിനെ ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിടിയിലായവരുമായി റിയാസിന് മത്സ്യക്കച്ചവടം സംബന്ധിച്ച് പണമിടപാടുകൾ ഉണ്ടായിരുന്നതായാണ് വിവരം. കുറച്ചു ദിവസമായി സ്ഥലത്തില്ലാതിരുന്ന റിയാസ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.