photo

കൊട്ടാരക്കര: അനന്ദുവും കൂട്ടരും അഭിനയിച്ച് ഫലിപ്പിച്ചു, ആടുപുലിയാട്ടം നാടകം ഹിറ്റായി. യു.പി വിഭാഗം നാടക മത്സരത്തിലാണ് എലിയെ പുലിയാക്കുന്ന സാമൂഹിക സാഹചര്യങ്ങളും പ്രകൃതിയുടെ രാഷ്ട്രീയവും കഥയാക്കിയാണ് നീരാവിൽ എസ്.എൻ.ഡി.പി യോഗം സ്കൂളിന്റെ നാടകം തട്ടിൽ കയറിയത്. നാടകത്തിൽ മെമ്പറായി വേഷമിട്ട പ്രകാശ് കലാകേന്ദ്രം ബാലവേദി അംഗം അനന്ദു യു.വിജയ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അദിതി, അഭിമന്യു, റിവേര, അനന്ദു, പവൻ, ശ്രീഗൗരി, ഫാത്തിമ, വിലോമൻ, റോഷൻ, ശ്രീനയൻ തുടങ്ങിയ കുട്ടിക്കൂട്ടമാണ് നടീനടന്മാർ. പ്രശസ്ത നാടക കൂട്ടായ്മയായ പ്രകാശ് കലാകേന്ദ്രത്തിന്റെ ബാലവേദി സജീവ പ്രവർത്തകരാണ് ഇവർ. നാടക പ്രവർത്തകനായ അമാസ്.എസ്.ശേഖറിന്റെ സംവിധാന മികവിലാണ് മേരിയും കുഞ്ഞാടുകളുമായി കൂട്ടുകാർ വേദിയിൽ നിറഞ്ഞത്. ക്രിയേറ്റീവ് സഹായവുമായി സ്കൂൾ ഒഫ് ഡ്രാമ പഠനം കഴിഞ്ഞ ഫിദയും അർജുനും അമൽ മുട്ടറയും ഒപ്പമുണ്ടായിരുന്നു.