 
കൊല്ലം: ജനങ്ങളെ കോർത്തിണക്കി എം.എൻ തീർത്ത ലോകാത്ഭുതമാണ് 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാരെന്നും എം.എൻ ജനങ്ങളിൽ വിശ്വാസം ആർജിച്ച നേതാവായിരുന്നെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു. കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടന്ന എം.എൻ. ഗോവിന്ദൻനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഒരു പാർട്ടി ജനങ്ങളെ പൂർണമായും വിശ്വസിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടത് 1957ലാണ്. പണവും മതവും ജന്മികളും കൂടെയില്ലാതെ കുറച്ചു പാവപ്പെട്ട മനുഷ്യരുടെ വേദനിക്കുന്ന മനസിന്റെ പിന്തുണ കൊണ്ടാണ് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ രൂപപ്പെട്ടത്. എം.എൻ പ്രഗത്ഭനായ പാർലമെന്റേറിയനും ഭരണാധികാരിയും ആയിരുന്നെന്ന് മുല്ലക്കര അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി സാം കെ.ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജി. ലാലു, ഹണി ബെഞ്ചമിൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം എ. രാജീവ് നന്ദിയും പറഞ്ഞു.