കരുനാഗപ്പള്ളി: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായിരുന്ന ജി. കാർത്തികേയന്റെ 23-ാം ചരമ വാർഷിക ദിനാചരണവും ജി.സ്മാരക പുരസ്കാരവും ഡിസംബർ 2ന് രാവിലെ 8.30ന് ജിയുടെ കുലശേഖരപുരത്തുള്ള വസതിയിൽ വെച്ച് നടക്കും. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ജി കാർത്തികേയൻ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുസ്മരണ സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജി.സ്മാരക പുരസ്കാര ജേതാവ് ഡോ.പുനലൂർ സോമരാജന് സി.പി.ഐ കേന്ദ്ര നിർവാഹക സമിതി അംഗം അഡ്വ.കെ.പ്രകാശ്ബാബു പുരസ്കാരം നൽകി ആദരിക്കും. 22,222 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. പി.എസ്.സുപാൽ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ജി.കാർത്തികേയൻ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.ആർ.രാജേന്ദ്രൻ അദ്ധ്യക്ഷനാകും. സെക്രട്ടറി കെ.സെയ്ദ്കുമാർ പ്രശസ്തി പത്രപാരായണം നടത്തും. സൂസൻകോടി, കെ.സി.രാജൻ, അഡ്വ.ആർ.വിജയകുമാർ, അഡ്വ. എം.എസ്.താര, ആർ.സോമൻപിള്ള, ഐ.ഷിഹാബ്, എസ്.ക‌ൃഷ്ണകുമാർ, വിജയമ്മലാലി, കടത്തൂർ മൺസൂർ, ജഗത് ജീവൻലാലി, ഡോ.നിസാർ കാത്തുങ്ങൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച ആദർശ്, ലക്ഷ്മി, അമൃതാ രവി എന്നിവരെ സി.ആർ.മഹേഷ് എം.എൽ.എയും മുതിർന്ന പാർട്ടി നേതാക്കളായ പി.കെ.ഭാസ്ക്കരൻ, കെ.ബ്രഹ്മദേവൻ, ആർ.രവീന്ദ്രൻ പിള്ള എന്നിവരെ അഡ്വ.ആർ.രാജേന്ദ്രനും ഉപഹാരം നൽകി ആദരിക്കും. സ്വാഗതസംഘം ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം സ്വാഗതവും കെ.എസ്.സന്തോഷ് ഓച്ചിറ നന്ദിയും പറയും.