nnn
കോതപുരം വാർഡിലെ കണ്ണങ്കാട്ടുകടവ് റോഡിൽ വളർന്നു പന്തലിച്ചകാട്ടുചെടികൾ അപകടകരമാം വിധംവൈദ്യുതി ലൈനിൽ

പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ കോതപുരം, വെട്ടിയിൽ മുക്ക്, കണ്ണങ്കാട്ട് കടവ് റോഡിന്റെ ഇരുവശവും കാടുകയറി സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. പടിഞ്ഞാറെകല്ലടയിൽ നിന്ന് മൺറോ തുരുത്ത് റെയിൽവേ സ്റ്റേഷനിലേക്കും കല്ലടയാറിന്റെ മറുകരയിലുള്ളതും കോതപുരം വാർഡിനോട് ചേർന്ന് കിടക്കുന്നതുമായ കിടപ്പുറം വാർഡിലേക്കുമുള്ള ഒരു പ്രധാന പാത കൂടിയാണിത്. രാപകൽ ഭേദമന്യേ വിനോദ സഞ്ചാരികളും സ്കൂൾ കുട്ടികളുമടക്കം100 കണക്കിന് യാത്രക്കാരാണ് വാഹനങ്ങളിലും കാൽനടയായും ഇതുവഴി പോകുന്നത്.

ഇഴജന്തുക്കളും തെരുവുനായയും

ഉഗ്രവിഷമുള്ള ഇഴ ജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം ദിനംപ്രതി വർദ്ധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു. അന്യ സ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹന യാത്രക്കാർ ആഹാര അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി കുറ്റിക്കാട്ടിനുള്ളിലേക്ക് വലിച്ചെറിയുന്നതും നിത്യസംഭവമാണ്. ഇത് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കാൻ ഇടയാകുന്നു. സന്ധ്യ കഴിഞ്ഞും അതിരാവിലെയും കാൽനട യാത്രക്കാർ ഭയപ്പാടോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.കൂടാതെ കുറ്റിക്കാടുകൾ വളർന്നു പന്തലിച്ച് ഇലക്ട്രിക് പോസ്റ്റിലെ ലൈനിൽ ചുറ്റികിടക്കുന്നത് മഴക്കാലത്ത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കും.

ഗ്രാമപഞ്ചായത്ത് വക റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

നാട്ടുകാർ