vimala

കൊട്ടാരക്കര: മൈലാഞ്ചി മൊഞ്ചിൽ നിറഞ്ഞാടി യു.പി വിഭാഗം ഒപ്പനയിൽ ഒന്നാംസ്ഥാനം നേടി കൊല്ലം വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസ്. തുടർച്ചയായി പതിനഞ്ചാം തവണയാണ് യു.പി വിഭാഗത്തിൽ വിജയിക്കുന്നത്. ചാഞ്ഞും ചരിഞ്ഞും മൈലാഞ്ചി കൈവീശിയും എത്തിയ മൊഞ്ചത്തിമാരെ കാണാൻ സദസ് നിറഞ്ഞുകവിഞ്ഞിരുന്നു. കച്ചവട പ്രമാണിയായ ഖദീജ ബീവി വിശ്വസ്തനായ പ്രവാചകനെ കച്ചവടത്തിനായി കൂടെ കൂട്ടുകയും പിന്നീട് സൗഹൃദത്തിലാവുകയും ശേഷം കല്യാണ ആലോചനയിലേക്ക് എത്തുന്നതുമായിരുന്നു പ്രമേയം. ഹാരിസ് വയനാടാണ് 14 വർഷമായി പരിശീലകൻ. അതിഥി ബിജു മണവാട്ടിയായി. ബി.വിദ്യ, എസ്.ദർശന, ഫർസാന സൈജു, അമൽന ആഷിക്ക്, ജെ.ജെസ്നി മരിയ, എസ്.നേഹ എന്നിവർ ചുവടുവച്ചപ്പോൾ ആലിയ, ആദിത്യ, ആർദ്രിക എന്നിവരായിരുന്നു പിന്നണിയിൽ. ജൂലായ് മുതൽ പരിശീലനം തുടങ്ങിയിരുന്നു. കൊല്ലം സബ് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയാണ് ജില്ലയിലേക്ക് എത്തിയത്. മത്സരം കഴിഞ്ഞ ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബി.വിദ്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.