കൊല്ലം: മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴി, ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് അടഞ്ഞിട്ട് നാളുകളായെങ്കിലും നടപടിയില്ല. ആശുപത്രിയിൽ വിശാലമായ പാർക്കിംഗ് കേന്ദ്രമുണ്ടെങ്കിലും വഴിക്ക് കുറുകെയുള്ള ഓടയ്ക്ക് മേൽമൂടി സ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയാണ്.
നാല് മാസം മുൻപ് ആശുപത്രിയുടെ ഇരുവശങ്ങളിലെയും ഓട നിർമ്മാണം മേൽമൂടി സഹിതം പൂർത്തിയാക്കിയിരുന്നു. എന്നാൽ പാർക്കിംഗ് കേന്ദ്രത്തിലേക്കുള്ള വഴിയുടെ ഭാഗത്ത് അഞ്ച് മീറ്ററോളം നീളത്തിൽ മേൽമൂടി നിർമ്മിക്കാതെ തൊഴിലാളികൾ സ്ഥലം വിട്ടു. അപകട ഭീഷണി ഉയർത്തി തുറന്ന് കിടക്കുന്ന ഓടയുടെ ചിത്രം സഹിതം കരാർ കമ്പനിക്കും ദേശീയപാത അതോറിട്ടി അധികൃതർക്കും പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല.
പാർക്കിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. തിരക്കേറിയ സമയങ്ങളിൽ ഇവിടെ ആദ്യമെത്തുന്ന വാഹനങ്ങൾ നിറയും. ഇതോടെ, പ്രായമേറിയ രോഗികളുമായി വരുന്ന വാഹനങ്ങൾ ദൂരെ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും പൊലീസും ദേശീയപാത കരാർ കമ്പനികൾക്ക് പലതവണ നിർദ്ദേശം നൽകിയിട്ടും പാലിക്കുന്നില്ല.