കൊല്ലം: ഇടതു സർക്കാരിന്റെ എട്ടു വർഷത്തെ ഭരണത്തിൽ കശുഅണ്ടി വികസന കോർപ്പറേഷൻ തൊഴിലാളി വിരുദ്ധ പ്രസ്ഥാനമായി മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. തൊഴിലാളികൾക്ക് തുടർച്ചയായി തൊഴിൽ നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കശുഅണ്ടി വികസന കോർപ്പറേഷൻ ഹെഡ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുമാസത്തിനിടെ 78 ഹാജർ ഉണ്ടെങ്കിൽ മാത്രമേ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാകൂ എന്നതാണ് നിയമം. എന്നാൽ തൊഴിലാളികൾക്ക് 78 ഹാജർ നേടുന്ന തരത്തിൽ തൊഴിൽ ക്രമീകരിക്കാൻ കോർപ്പറേഷന് കഴിയുന്നില്ലെന്ന് വിഷ്ണു സുനിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന ഹർഷാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉല്ലാസ് ഉളിയക്കോവിൽ, ഐശ്വര്യ, ബിനോയ് ഷാനൂർ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, ഷമീർ ചാത്തനാംകുളം, നെസ്മൽ കലത്തിക്കാട്, ഗോകുൽ കടപ്പാക്കട, ഡിറ്റു, മണ്ഡലം പ്രസിഡന്റുമാരായ ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ, ഷിബു, സെയ്താലി മുണ്ടയ്ക്കൽ, രമേശ് കടപ്പാക്കട, അഭിഷേക് ഗോപൻ മങ്ങാട്, ജയൻ കൊറ്റംകര, എബിൻ കടവൂർ, ഉനൈസ് ചാത്തനാംകുളം, എന്നിവർ സംസാരിച്ചു. തുടർന്ന് കശുഅണ്ടി വികസന കോർപ്പറേഷൻ അധികൃതരുമായി പൊലീസ് സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഡിസംബർ പത്തോടുകൂടി ഫാക്ടറികളിൽ ജോലി തുടങ്ങുമെന്ന ഉറപ്പു ലഭിച്ചതായി റിയാസ് ചിതറ പറഞ്ഞു.