കൊട്ടാരക്കര: കന്നിപ്പളുങ്കേ പൊന്നുംകിനാവേ സുന്ദരിപ്പൊന്നാരേ... കൺമണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ....മൈലാഞ്ചിപ്പെണ്ണുങ്ങൾ വേദിയിൽ പാടിയും കൈകൊട്ടിക്കളിച്ചും ആഘോഷമാക്കി. ചിരിമുഖത്തോടെ ചുവടുതെറ്റാതെ അവർ പാടിക്കളിച്ചപ്പോൾ മണവാട്ടിപ്പെണ്ണിന് നാണം.
കണ്ണുംകാതുമടയ്ക്കാതെ പന്തൽനിറച്ച കാഴ്ചക്കാരുടെ മുഖത്തും പതിനാലാം രാവിന്റെ മൊഞ്ച്. പെരുന്നാളിന് ചന്ദ്രപ്പിറവി കണ്ട സന്തോഷം. വേദിയിലുയരുന്ന ഇശലുകൾക്കൊപ്പം കൈത്താളമിട്ട് ചാഞ്ഞും ചരിഞ്ഞും ചിരിച്ചുല്ലസിച്ചും അവരും ഒപ്പനയെ നെഞ്ചേറ്റി. ഇന്നലെ കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മണവാട്ടിയും തോഴിമാരും ശരിക്കും ഇശൽമഴ പെയ്യിച്ചു.
നബി തങ്ങളുടെയും ഖദീജ ബീവിയുടെയും കല്യാണക്കഥകളാണ് സദസിന്റെ മനം കവർന്നത്. പട്ടുചുറ്റി അണിഞ്ഞൊരുങ്ങി ആവേശംജ്വലിപ്പിച്ച ഒപ്പനപ്പെണ്ണുങ്ങൾ വൃശ്ചികപ്പകൽച്ചൂടിനിടയിൽ കുളിരുപകർന്നാണ് വേദിവിട്ടത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളുടെ മിന്നും പ്രകടനങ്ങളാൽ കലോത്സവത്തിലെ ഹൃദ്യ ഇനമായി ഒപ്പന മാറുകയും ചെയ്തു.