
കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിനായി അയത്തിലിനും പാലത്തറയ്ക്കുമിടയിൽ ചൂരാങ്കിൽ തോടിന് കുറുകെ നിർമ്മിക്കുന്ന പാലം കോൺക്രീറ്റിംഗിനിടെ തകർന്നു. കമ്പികൾക്ക് മുകളിൽ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുകയായിരുന്ന ആറ് തൊഴിലാളികൾ ചാടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. 11 മീറ്റർ നീളവും 14 മീറ്റർ വീതിയിലുമുള്ള സ്ലാബാണ് നിർമ്മിക്കുന്നത്.
സ്ലാബിന്റെ തട്ട് ഉറപ്പിച്ചിരുന്ന ഇരുമ്പ് തൂണുകൾ തോട്ടിൽ താഴ്ന്നതാണ് അപകടകാരണമെന്നാണ് കരുതുന്നു. തോട്ടിലെ ഒഴുക്കിനനുസരിച്ച് തൂണുകൾ ഉറപ്പിച്ചില്ലെന്നാണ് നിഗമനം. നിർമ്മാണ കമ്പനിയുടെ മങ്ങാടുള്ള പ്ലാന്റിൽ നിന്ന് കോൺക്രീറ്റ് മിശ്രിതം ലോറികളിലെത്തിച്ച് പമ്പ് ചെയ്താണ് കോൺക്രീറ്റിംഗ് നടന്നത്. ഇതിനിടെയാണ് പാലത്തിന്റെ മദ്ധ്യഭാഗത്തെ തട്ട് തകർന്നത്. തോട്ടിലെ ജല നിരപ്പിൽ നിന്ന് പത്ത് മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. അതിനാൽ തകർന്ന സ്ലാബിന്റെ കമ്പികൾ പൂർണമായും തോട്ടിൽ പതിച്ചില്ല.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ പാലം നിലനിറുത്തി വശങ്ങളിലാണ് പുതിയ രണ്ടെണ്ണം നിർമ്മിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വരുമ്പോൾ ഇടത് വശത്തുള്ള പാലമാണ് തകർന്നത്. സ്ലാബിന്റെ 600 മില്ലിമീറ്റർ കനത്തിലുള്ള കോൺക്രീറ്റിംഗ് നടന്നത്. എതിർവശത്തെ പാലത്തിന്റെ സ്ലാബ് നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. എം. നൗഷാദ് എം.എൽ.എ, കളക്ടർ എൻ. ദേവിദാസ്, ദേശീയപാത അതോറിട്ടി അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. ദേശീയപാത പ്രോജക്ട് ഡയറക്ടറോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.