കൊല്ലം: ഏറ്റവും മികച്ച നിലയിൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനം നടത്തിയ കൊല്ലം ജില്ലയിലെ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് എൻ.എസ് സഹകരണ ആശുപത്രിക്ക്. എല്ലാ ജില്ലകളിലും നിന്ന് ഓരോ ആശുപത്രികളെ വീതമാണ് 2023-24ലെ അവാർഡിന് പരിഗണിച്ചത്.

കൃത്യമായ എച്ച്.ഐ.വി പരിശോധന, കൃത്യതയാർന്ന റിപ്പോർട്ടിംഗ്, ശരിയായ തുടർ നടപടിക്രമങ്ങൾ എന്നീ നിലകളിൽ ആശുപത്രി നടത്തിയ പ്രവർത്തനങ്ങൾ മുൻനിറുത്തി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് അവാർഡിന് ശുപാർശ ചെയ്തത്. ലോക എയ്ഡ്‌സ് ദിനമായ ഡിസംബർ ഒന്നിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അവാർഡ് സമ്മാനിക്കും. ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് 2019 മുതൽ തുടർച്ചയായി അഞ്ച് തവണയും മികച്ച സഹകരണ ആശുപത്രിക്കുള്ള എൻ.സി.ഡി.സി ദേശീയ പുരസ്‌കാരം 2021ലും 2023ലും എൻ.എസ് സഹകരണ ആശുപത്രിക്കായിരുന്നു. ജില്ലയിലെ ക്ഷയരോഗ പ്രതിരോധ പ്രവർത്തനത്തിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പുരസ്‌കാരം തുടർച്ചയായി അഞ്ച് വർഷവും മികച്ച നിലയിൽ മെഡിസെപ്പ് സ്‌കീം നടപ്പാക്കിയ ആശുപത്രിക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരവും എൻ.എസിനാണ് ലഭിച്ചത്.