
കൊട്ടാരക്കര: പ്രൺജിത്ത് കൃഷ്ണയ്ക്ക് പ്രാണനാണ് മംഗലംകളി. മുമ്പ് കൊല്ലത്ത് വന്നിട്ടുണ്ടെങ്കിലും പരിശീലകനായി എത്തുന്നത് ആദ്യം. 35 വർഷത്തിലധികമായി മംഗലംകളി രംഗത്ത് സജീവമാണ്. മാവിലൻ വിഭാഗത്തിന്റെ പ്രതിനിധിയാണ് ഇദ്ദേഹം. വല്യച്ഛന്മാരായ മാധവൻ, രാമൻ എന്നിവരാണ് ഗുരുക്കന്മാർ.
കാസർകോട് നീലേശ്വരം ബങ്കളത്ത് നിന്ന് മൂന്നാഴ്ച മുമ്പാണ് കൊല്ലത്ത് എത്തിയത്. പതാരം എസ്.എം എച്ച്.എസ്.എസ്, തഴവ എ.വി.ജി എച്ച്എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. മംഗലംകളി കൂടാതെ മലപുലയാട്ടം, ഇരുള നൃത്തം എന്നിവയും പഠിപ്പിക്കുന്നുണ്ട്.
മംഗലംകളി
കാസർകോട് മാവിലൻ- മലവേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത മംഗലംകളി ആദ്യമായാണ് കലോത്സവ ഇനമായി എത്തുന്നത്. സമുദായത്തിലെ വിവാഹച്ചടങ്ങിന് തലേന്നും കല്യാണ ദിവസവും സ്ത്രീകളും പുരുഷന്മാരും ചേർന്ന് ആടിപ്പാടിയാണ് മംഗലം കളി കളിക്കുന്നത്. ആടിപ്പാടി ആവേശം കൂടി അവസാനത്തിലേക്കെത്തുമ്പോഴേക്കും സ്വന്തം ദേഹത്ത് അടിച്ചടിച്ചാണ് കളി പുരോഗമിക്കുക. കലോത്സവ വേദികളിൽ പല മാറ്റങ്ങളും വരുത്തിയാണ് അവതരണം.