t

കൊല്ലം: മയ്യനാട് ആർ.ഒ.ബിയുടെ സാമ്പത്തിക അനുമതിക്കുള്ള ഫയൽ കിഫ്ബിയിൽ കുടുങ്ങി. പുതിയ എസ്റ്റിമേറ്റ് പ്രകാരം 45 കോടിയാണ് പാലം നിർമ്മാണത്തിനുള്ള ചെലവ്.

എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയിൽ നിന്ന് സാങ്കേതികാനുമതി ലഭിക്കുന്നതി​ന് ഒന്നരമാസം മുൻപ് കിഫ്ബിക്ക് കൈമാറിയി​രുന്നതാണ്. പക്ഷേ, ഇതുവരെ സാമ്പത്തി​ക അനുമതി​ ആയി​ല്ല. ആറ് വർഷം മുൻപ് സ്ഥലം ഏറ്റെടുപ്പ് സഹിതം 25.95 കോടിയുട അനുമതിയാണ് മയ്യനാട് ആർ.ഒ.ബിക്ക് ലഭിച്ചിരുന്നത്. ഇതിൽ 20 കോടിയോളം രൂപ സ്ഥലമേറ്റെടുക്കലിന് ചെലവായിരുന്നു. ഇതിന് പുറമേ വർഷങ്ങൾ പിന്നിട്ടതോടെ പഴയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം ടെണ്ടർ ചെയ്യാനാകാത്ത അവസ്ഥയായി. ഇതോടെയാണ് എസ്റ്റിമേറ്റ് പുതുക്കിയത്. നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയാണ് 45 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി​യത്.

റെയിൽവേ ലൈനി​ന് തൊട്ടുമുകളിലുള്ള നിർമ്മാണമടക്കം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നി​ർവഹി​ക്കുന്നത്. അതി​നാൽ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കൽ, മേൽനോട്ടം തുടങ്ങിയവയ്ക്കായി 3 കോടിയോളം രൂപ റെയിൽവേയ്ക്ക് നൽകണം. ഇതിന്റെ എസ്റ്റിമേറ്റ് റെയിൽവേയോട് ആവശ്യപ്പെട്ട് മാസങ്ങളായെങ്കിലും ലഭിച്ചിട്ടില്ല.

 ഭൂമി കൈമാറ്റം സ്തംഭനത്തിൽ

ആർ.ഒ.ബിക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കൽ മാസങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള വെള്ളമണൽ സ്കൂൾ വളപ്പിലെ 0.77 ചതുരശ്ര മീറ്റർ സ്ഥലത്തിന്റെ കൈമാറ്റം അനന്തമായി നീളുകയാണ്. കിഫ്ബിയിൽ നിന്ന് സാമ്പത്തികാനുമതി ലഭിച്ചാലും ഭൂമി പൂർണമായും കൈമാറിക്കിട്ടിയാൽ മാത്രമേ നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കാനാവൂ.