l
ക്ഷേത്രത്തിലെ മൈക്ക് പൊലീസ് നിറുത്തിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് വിശ്വാസികൾ ഇടിയക്കടവ് പാലം ഉപരോധിക്കുന്നു

മൺറോത്തുരുത്ത്: മുളച്ചന്തറ ദേവസ്വം ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് പ്രവർത്തിപ്പിച്ചിരുന്ന ഉച്ചഭാഷിണികൾ കിഴക്കേക്കല്ലട പൊലീസ് എത്തി നിറുത്തിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് വിശ്വാസികൾ ഒന്നരകിലോമീറ്റർ അകലെയുള്ള ഇടിയ്ക്കടവ് പാലം ഉപരോധിച്ചു. ഇതൊടെ മൺറോത്തുരുത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം സ്തംഭിച്ചു.

കിഴക്കേക്കല്ലടയിൽ നിന്നും സമീപ സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസെത്തിയാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ വൻ ജനാവലിയെ പാലത്തിൽ നിന്ന് ഒഴിപ്പിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ തൽസ്ഥിതി തുടരാൻ താത്കാലികമായി അനുവദിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്ക് ഓഫ് ചെയ്യിപ്പിച്ചതെന്ന് കിഴക്കേക്കല്ലട പൊലീസ് പറയുന്നു. കൊളാമ്പി മൈക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശമാണ് നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു.

മൺറോത്തുരുത്തിലെ ഏക പൊതുജന ക്ഷേത്രമാണിത്. വർഷങ്ങളായി ആഘോഷ ദിവസങ്ങളിൽ ഇവിടെ മൈക്ക് ഉപയോഗിക്കുന്നുണ്ട്. ഇതേ പോലീസ് സ്റ്റേഷൻ പരിധിയിലെ, മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തിൽ സമാന രീതിയിൽ മൈക്ക് പ്രവർത്തിപ്പിക്കുന്നത് പൊലീസ് വിലക്കിയിട്ടില്ലെന്ന് വിശ്വാസികൾ ആരോപിക്കുന്നു.