കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിനിടയിൽ നിർമ്മാത്തിലിരിക്കുന്നവ തകരുന്നത് തുടർ സംഭവമാകുന്നു. ജില്ലാ ഭരണകൂടം പലതവണ കർശന നിർദ്ദേശം നൽകിയിട്ടും സുരക്ഷാപരിശോധനകളും ഉറപ്പും പരിശോധിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

മാസങ്ങൾക്ക് മുമ്പ് കാവനാട് പാലത്തിന്റെ പിയർ ക്യാപ്പ് കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ തട്ട് തകർന്ന് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിന് പിന്നാലെ പാലത്തിനായി നിർമ്മിച്ച ഗർഡറുകളിലൊന്ന് ക്രെയിൻ ഉപയോഗിച്ച് പൊക്കുന്നതിനിടെ ചരിഞ്ഞ് വീണ് പൊട്ടിയിരുന്നു. ചാത്തന്നൂരിലും കൊട്ടിയത്തും നിർമ്മാണത്തിനിടെ പില്ലറിന്റെ തട്ട് തകർന്നിരുന്നു.

ഉദ്യോഗസ്ഥ സാന്നിദ്ധ്യമില്ല

വലിയ പാലങ്ങളുടെ അടക്കം കോൺക്രീറ്റ് ജോലി നടക്കുമ്പോൾ പോലും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകാറില്ല. കരാർ കമ്പനിയിലെ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പാലങ്ങളുടെ അടക്കം കോൺക്രീറ്റ് ജോലി നടക്കുന്നത്. ഇന്നലെ തകർന്ന ചൂരാങ്കിൽ തോടിന് കുറുകെയുള്ള പാലത്തിന്റെ കോൺക്രീറ്റ് ജോലി നടക്കുമ്പോൾ കരാർ കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർ പോലും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

മാദ്ധ്യമപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

ചൂരാങ്കിൽ തോടിന് കുറുകെയുള്ള പാലത്തിന്റെ സ്ലാബ് തകർന്നത് പകർത്തുന്നതിനിടയിൽ കരാർ കമ്പനി ജീവനക്കാർ കേരളകൗമുദി ഫോട്ടോഗ്രാഫർ ജയമോഹൻ തമ്പിയെ ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടതോടെയാണ് ജീവനക്കാർ പിൻവാങ്ങിയത്.

മാസങ്ങളായി പൊളിപ്പും പൊടിക്കലും

ചൂരാങ്കിൽ തോടിന് കുറുകെയുള്ള പാലത്തിനായി നിർമ്മിച്ച ഗർഡറുകളും പില്ലറുകളും പിയർ ക്യാപ്പുകളും പലതവണ പൊളിച്ചുനീക്കിയതായി നാട്ടുകാർ പറയുന്നു. വിശദമായ രൂപരേഖ പോലും ഇല്ലാതെയാണ് പലയിടങ്ങളിലും നിർമ്മാണം നടക്കുന്നത്. പാലം നിർമ്മാണത്തിനായി ഈ ഭാഗത്ത് ഒഴുക്ക് തടസപ്പെടുത്തിയതോടെ അടുത്തിടെയുണ്ടായ ശക്തമായ മഴയിൽ തോട് നിറഞ്ഞുകവിഞ്ഞ് മറുവശത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു.

കോൺക്രീറ്റ് തോട്ടിലൊഴുക്കിയത് കളക്ടർ തടഞ്ഞു

സ്ലാബ് തകർന്നതിന് പിന്നാലെ തൊഴിലാളികൾ ടാങ്കറുകളിൽ വെള്ളമെത്തിച്ച് കഴുകി കോൺക്രീറ്റ് മുഴുവൻ തോട്ടിലേക്ക് ഒഴുക്കാൻ തുടങ്ങി. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. പിന്നീട് കളക്ടറെത്തി കോൺക്രീറ്റ് പൂർണമായും കോരി നീക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ചൂരാങ്കിൽ തോടിന് കുറുകെ നിർമ്മാണത്തിനിടെ പാലത്തിന്റെ സ്ലാബ് തകർന്ന സ്ഥലം സന്ദർശിച്ചിരുന്നു. വിശദമായ പരിശോധനയും നടത്തി. സ്ഥലത്തെത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടും കരാർ കമ്പനി പ്രതിനിധികളോടും കാരണം ആരാഞ്ഞിരുന്നു. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എൻ.ദേവിദാസ്, ജില്ലാ കളക്ടർ