
കൊല്ലം: പൊലീസ് സേനയിൽ അന്വേഷണ മികവിന്റെ നക്ഷത്രത്തിളക്കമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു കഴിഞ്ഞ ദിവസം യാത്രയായ റിട്ട. എസ്.പി കെ.എൻ.രവികുമാർ. യാതൊരു തുമ്പുകളും അവശേഷിച്ചിട്ടില്ലാത്ത നിരവധി കേസുകളിൽ അദ്ദേഹം പ്രതികളെ വലയിലാക്കിയിട്ടുണ്ട്. ഇഴകീറി മുറിച്ച് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിലും സമർത്ഥനായിരുന്നു കെ.എൻ.രവികുമാർ.
സബ് ഇൻസ്പെക്ടർ പ്രതിയായ ആലപ്പുഴ സുഗതൻ കൊലക്കേസ്, കടയ്ക്കൽ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കാർ മോഷ്ടിച്ച കേസ് തുടങ്ങിയവ അദ്ദേഹത്തിന്റെ അന്വേഷണ മികവിൽ തെളിഞ്ഞ കേസുകളിൽ ചിലത് മാത്രം. 1990ൽ കടയ്ക്കൽ സ്വദേശിയായ ഡ്രൈവറെ കാണാതായെങ്കിലും എന്തുസംഭവിച്ചെന് യാതൊരു വിവരമുണ്ടായിരുന്നില്ല. വളരെ സമർത്ഥമായി ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതികളെ അതിവേഗമാണ് കെ.എൻ.രവികുമാർ കണ്ടെത്തിയത്. ഈ കേസിന്റെ വിചാരണ നടപടികൾ വർഷങ്ങൾ നീണ്ടുപോയി. 2022 ഫെബ്രുവരി ആദ്യവാരം ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടക്കുമ്പോൾ 81കാരനായ കെ.എൻ.രവികുമാർ ഏറെ രോഗാതുരനായിരുന്നു.
ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കെ.എൻ.രവികുമാർ വീഡിയോ കോൺഫറൻസ് വഴി ഹാജരായാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ അദ്ദേഹം ശാരീരികാവശതകൾ മാറ്റിവച്ച് കോടതിയിൽ നേരിട്ടെത്തി. പൊലീസ് അയച്ച വാഹനത്തിൽ ട്യൂബുകളും ട്രിപ്പുമായി കോടതിയിൽ എത്തിയ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും അഭിനന്ദിച്ചിരുന്നു.
1965ൽ സബ് ഇൻസ്പെക്ടറായാണ് ജോലിയിൽ പ്രവേശിച്ചത്. എസ്.ഐയായും സി.ഐയായും കടയ്ക്കാവൂർ, തിരുവനന്തപുരം, മെഡിക്കൽ കോളേജ്, കുണ്ടറ, കൊട്ടാരക്കര, ആലപ്പുഴ, ആറ്റിങ്ങൽ സ്റ്റേഷനുകളിലും സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച് സ്പെഷ്യൽ യൂണിറ്റുകളിലും പ്രവർത്തിച്ചിരുന്നു. പിന്നീട് ഡിവൈ.എസ്.പിയായ അദ്ദേഹം 1996ൽ എസ്.പിയായാണ് വിരമിച്ചത്. കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി, കൊല്ലം എൽഡേഴ്സ് ഫോറം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരിയായി പ്രവർത്തിക്കുന്നതിനിടയിൽ ഇക്കഴിഞ്ഞ 25നാണ് അദ്ദേഹം യാത്രയായത്. കടപ്പാക്കട ജനനി നഗർ-1 തോട്ടത്തിൽ വീട്ടിലായിരുന്നു താമസം.