photo

കൊട്ടാരക്കര: "ഞങ്ങളുടെ നാടകത്തിന്റെ പേര്- കക്കൂസ്!"- പേര് കേട്ട് സദസിലുള്ളവർ മുഖത്തോട് മുഖം നോക്കി. എന്നാൽ തിരശീല താഴുംവരെ അവർക്ക് തട്ടിൽ നിന്ന് കണ്ണെടുക്കാനായില്ല. കുട്ടികളുടെ ചിന്തയ്ക്ക് കാഴ്ചപ്പാടിലും പ്രതിബദ്ധതയിലും അഭിനയശേഷിയിലും അസാധാരണ പക്വത കൈവന്നുവെന്നതിന്റെ തെളിവായിരുന്നു നിലയ്ക്കാത്ത കൈയടി.

കക്കൂസ് മികച്ച നാടകമായി, വിഷ്ണു നല്ല നടനുമായി. നീരാവിൽ എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസിലെ വിഷ്ണുവും കൂട്ടരും അവതരിപ്പിച്ച നാടകം വലിയ ചർച്ചകൾക്കും വഴിയൊരുക്കി. മനുഷ്യ വിസർജ്ജ്യത്തേക്കാൾ നാറുന്നതാണ് മതവർഗ സംഘങ്ങളെന്ന് തുറന്നുകാട്ടുന്നതായിരുന്നു നാടകം. പ്രകാശ് കലാകേന്ദ്രത്തിലെ ബാലവേദി അംഗങ്ങളാണ് നാടകക്കാരായി മാറിയത്. അമാസ് ശേഖർ രചനയും സംവിധാനവും നിർവഹിച്ചു. മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒരുക്കിയാണ് വിഷ്ണു മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടത്. മറ്റ് നാടകങ്ങളും നിലവാരം പുലർത്തി.