കൊല്ലം: വീട്ടുമുറ്റത്തേക്ക് മയക്കുമരുന്ന് പാക്കറ്റ് വലിച്ചെറിഞ്ഞ ശേഷം കടന്നുകളഞ്ഞ യുവാവ് പൊലീസ് പിടിയിലായി. കാവനാട് ശ്രീകൃഷ്ണ ഭവനത്തിൽ സന്തോഷാണ് (29) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 ഓടെ വടയാറ്റുകോട്ട ഊരമ്മൻ കോവിലിന് സമീപത്തെ വീടിന് മുന്നിൽ സമീപവാസികൾ സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിൽ അതുവഴി ഷോൾഡർ ബാഗ് ധരിച്ച ഒരു യുവാവ് അമിത വേഗത്തിൽ നടന്നുപോവുന്നതും ഏതോ സാധനം വീട്ടുമുറ്റത്തേക്ക് വലിച്ചെറിയുന്നതായും കണ്ടു. സംശയം തോന്നി വീട്ടുകാർ പരിശോധിച്ചപ്പോൾ കറുത്ത പോളിത്തിൻ കവറിൽ പൊതിഞ്ഞ പായ്ക്കറ്റ് കണ്ടു. വിവരം ഉടൻ കൊല്ലം ഈസ്റ്റ് പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ എം.ഡി.എം.എ ആണെന്ന് കണ്ടെത്തി.
54 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. പരിസരത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് കവർ വലിച്ചെറിഞ്ഞത് സന്തോഷാണെന്ന് കണ്ടെത്തിയത്. തുടർന്ന് മുളങ്കാടകത്ത് വച്ച് പ്രതിയെ പിടികൂടി. രണ്ട് വർഷങ്ങളായി പ്രതി ബംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് സുഹൃത്തുക്കൾക്കും മറ്റും വിൽപ്പന നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച എം.ഡി.എം.എയുമായി എത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ വരുന്നതിനിടയിൽ പുറന്നിലെ ബൈക്കിൽ എക്സൈസ് സംഘമാണെന്ന് തെറ്റിദ്ധരിച്ച് ഓട്ടോയിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് മയക്കുമരുന്ന് അടങ്ങിയ പൊതി വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ ശേഷം കടന്നുകളയുകയുമായിരുന്നു.
ഓരോ തവണ കൊണ്ടുവരുന്നതിനും 5000 രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുമേഷ്, സവിരാജ് എസ്.സി.പി.ഒ സജീവ്, സി.പി.ഒ മാരായ അനീഷ്, ഷഫീക്ക്, അനു.ആർ.നാഥ് എന്നിവരും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.