കൊല്ലം: ജില്ലാ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കുമെന്ന് കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 78.20 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകി. നിർമാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണത്തിന് ടെണ്ടർ ഏറ്റെടുത്തത്. നിർമ്മാണം പൂർത്തിയാകുന്നതോടെ സിവിൽ സ്റ്റേഷനിൽ നിന്ന് 17 കോടതികളും 25 ലേറെ അനുബന്ധ ഓഫീസുകളും ഇവിടേക്ക് മാറും. സിവിൽ സ്‌റ്റേഷനിലെ സ്ഥലപരിമിതിയും ഒഴിവാകും.

25,765 ചതുരശ്ര അടിയിൽ കോർട്ട് ഹാൾ, 11,115 ചതുരശ്ര അടിയിൽ ചേംബർ ഏരിയ, 7370ചതുരശ്ര അടിയിൽ കോടതികളിൽ എത്തുന്നവർക്കായി വെയിറ്റിംഗ് എരിയ, 46,000 ചതുരശ്ര അടിയിൽ ഓഫീസ് ഹാൾ എന്നിവയാണ് നിർമ്മിക്കുന്നത്. മൊത്തം 23 കോടതികൾ പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ടാകും. ആറ് ലിഫ്ടുകളാണ് ഉണ്ടാവുക. ബാർ അസോസിയേഷൻ ഹാൾ, വനിത അഭിഭാഷക ഹാൾ, അഡ്വക്കേറ്റ് ക്ലാർക്ക് ഹാൾ, വൾനറബിൾ വിറ്റ്നസ് ഹാൾ, മീറ്റിംഗ് ഹാൾ, കുട്ടികൾക്കുള്ള മുറി, വീഡിയോ കോൺഫറൻസ് ഹാൾ, ലൈബ്രറി ഹാൾ, ക്രെഷ്, പബ്ലിക് പ്രോസിക്യുട്ടർമാരുടെ ഓഫീസ്, അസി. പബ്ലിക് പ്രോസിക്യുട്ടർമാരുടെ ഓഫീസ് എന്നിവ അടങ്ങുന്നതാണ് കോടതി സമുച്ചയം.

പത്രസമ്മേളനത്തിൽ കൊല്ലം ബാർ അസോ. പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, സെക്രട്ടറി അഡ്വ. എ.കെ.മനോജ്‌, ബോർഡ് അംഗങ്ങളായ അഡ്വ. അമ്പിളി ജബ്ബാർ, അഡ്വ. രേണു.ജി.പിള്ള, മുൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ എന്നിവർ പങ്കെടുത്തു.

ആകെ വിസ്തൃതി-165366 ചരുരശ്ര അടി

നിലകൾ-4