
കൊല്ലം: സി.പി.എം ലോക്കൽ സമ്മേളനത്തിനിടെ പ്രാദേശിക ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു നേതാക്കളുടെ നേതൃത്വത്തിൽ പ്രതിനിധികളെയും സംസ്ഥാന നേതാക്കളെയും സമ്മേളന ഹാളിൽ പൂട്ടിയിട്ടു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കുലേശഖരപുരം നോർത്ത് സമ്മേളനത്തിനിടെയാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് അടക്കമുള്ളവരെ ഇന്നലെ രാത്രി എട്ടരയോടെ പൂട്ടിയിട്ടത്.
ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം കൂടുതൽ പാർട്ടി പ്രവർത്തകരെത്തി രാത്രി വൈകിയാണ് ഹാൾ തുറന്ന് നേതാക്കളെ പുറത്തുവിട്ടത്. മത്സരശ്രമത്തെ തുടർന്ന് നേരത്തെ നിറുത്തിവച്ച സമ്മേളനം ഇന്നലെ കൂടുതൽ നേതാക്കളെത്തി കുലശേഖരപുരം എൻ.എസ്.എസ് കരയോഗം ഹാളിൽ വീണ്ടും നടത്തുന്നതിനിടെയാണ് സംഭവം. സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ലോക്കൽ കമ്മിറ്റിയുടെ പാനലിൽ കഴിഞ്ഞ കമ്മിറ്റിയിൽ ഉണ്ടായിരുന്ന രണ്ടുപേരെ ഒഴിവാക്കിയിരുന്നു. ഇവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 72 പ്രതിനിധികളിൽ 12പേർ സമ്മേളന ഹാളിൽ പ്രതിഷേധിച്ചു. ഇവരുമായി നേതാക്കൾ ചർച്ച നടത്തുന്നതിനിടയിലാണ് പത്തോളം പ്രവത്തകർ ഹാൾ പുറത്തുനിന്ന് പൂട്ടിയത്. ഇതിനിടെ ഉള്ളിൽ പ്രതിഷേധിച്ചവരെ ശാന്തരാക്കി സമ്മേളനം പൂർത്തിയാക്കി. മൂന്ന് ടേം പൂർത്തിയാക്കിയ ബി.ഉണ്ണിക്ക് പകരം എച്ച്.എ.സലാമിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പിന്നിൽ ചേരിപ്പോര്
കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിൽ പത്ത് ലോക്കൽ കമ്മിറ്റികളാണുള്ളത്. ഇതിൽ ഏഴ് സമ്മേളനങ്ങൾ മത്സരശ്രമം ഉണ്ടായതിനെ തുടർന്ന് നിറുത്തിവച്ചിരുന്നു. കഴിഞ്ഞയാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം കൂടുതൽ നേതാക്കൾ പങ്കെടുത്ത് സമ്മേളനം നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ നാല് ലോക്കൽ സമ്മേളനങ്ങളാണ് നടന്നത്. കരുനാഗപ്പള്ളിയിലെ സി.പി.എമ്മിൽ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെയും ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ രണ്ട് ചേരികളുണ്ട്. കമ്മിറ്റികളിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ഇവർ നടത്തുന്ന കരുനീക്കളാണ് പ്രതിസന്ധി സൃഷ്ടിച്ചത്.