ഓയൂർ : മുളയിറച്ചാൽ റെൻഡറിംഗ് പ്ലാന്റിലേക്ക് എൽ.ഡി.എഫ് ഇന്ന് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു.
മാലിന്യ സംസ്കരണത്തിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ മറ പിടിച്ച് സർക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് വൻകിട മുതലാളിമാർ നടത്തുന്ന പ്ലാന്റ് അടച്ച് പൂട്ടുകയോ ജനവാസമില്ലാത്ത മേഖലയിലേക്ക് മാറ്റി സ്ഥാപിക്കുകയോ വേണമെന്ന ആവശ്യമുയർത്തിയാണ് എൽ.ഡി.എഫ് വെളിനല്ലൂർ പഞ്ചായത്ത് കമ്മിറ്റി സമര മുഖത്തേക്ക് ഇറങ്ങിയിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ച പ്ലാന്റ് തെറ്റായ വിവരങ്ങൾ നൽകി ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്ത ഉത്തരവിന്റെ പിൻബലത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്ലാന്റിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകുന്ന ജനകീയ സമിതിക്ക് പിന്തുണ നൽകിക്കൊണ്ടാണ് എൽ.ഡി.എഫ് സമര രംഗത്തേക്കിറങ്ങുന്നത്. ഡിസംബർ 2ന് നടക്കുന്ന കളക്ട്രേറ്റ് മാർച്ചിനും എൽ.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ തലത്തിലും നിയമപരമായും രാഷ്ട്രീയപരമായും മുന്നോട്ട് പോകുവാനും അന്തിമ ലക്ഷ്യം കാണുന്നത് വരെ സമരരംഗത്ത് അതിശക്തമായി നിലയുറപ്പിക്കാനുമാണ് എൽ.ഡി.എഫ് തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.