കൊല്ലം: പട്ടത്താനത്തെ പാട്ടത്തിൽക്കാവ്- അക്കരത്തെക്കേ മുക്ക് റോഡ്, ടാറിംഗ് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
പുനർനിർമ്മാണത്തിന് പണം അനുവദിച്ചതായി റോഡരികിൽ പലതവണ ഫ്ലക്സ് ബോർഡുകൾ ഉയർന്നെങ്കിലും നാടിന്റെ നടുവ് വേദനയ്ക്ക് പരിഹാരമില്ല.
പാട്ടത്തിൽക്കാവിൽ നിന്ന് ആരംഭിച്ച് ശങ്കുംമുഖം, വേലൻവയൽ, കോവിൽക്ഷേത്രത്തിന് മുന്നിലൂടെ അക്കരത്തെക്കേ മുക്കിലെത്തുന്ന റോഡിന് കഷ്ടിച്ച് രണ്ട് കിലോ മീറ്റർ ദൈർഘ്യമേയുള്ളൂ. പക്ഷേ, ഇതിനിടയിൽ നൂറുകണക്കിന് കുഴികളുണ്ട്. ഓടയില്ലാത്തതിനാൽ മഴക്കാലത്ത് റോഡിലാകെ വെള്ളക്കെട്ട് രൂപപ്പെടും. ഇതോടെ കുഴികൾ തിരിച്ചറിയാനാകില്ല. ഈ സമയങ്ങളിൽ റോഡ് അത്ര പരിചയമില്ലാത്ത ഇരുചക്ര വാഹനയാത്രക്കാർ കുഴികളിൽ വീണ പരിക്കേൽക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു.
വാഹനങ്ങൾക്ക് പുറമേ, തൊട്ടടത്തുള്ള പട്ടത്താനം ഗവ. എസ്.എൻ.ഡി.പി.എസിലെ വിദ്യാർത്ഥികളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങൾ കയറിയിറങ്ങി കുഴികളുടെ ആഴവും വലിപ്പവും ദിനംപ്രതി വർദ്ധിക്കുന്നു. റോഡ് ടാർ ചെയ്യണമെന്ന് പത്ത് വർഷമായി പ്രദേശവാസികൾ ജനപ്രതിനിധികളോട് ആവശ്യപ്പെടുന്നുണ്ട്. കോവിലിന് മുന്നിൽ നിന്ന് അമ്മൻനടയിലേക്കുള്ള റോഡിന്റെ സ്ഥിതിയും സമാനമാണ്. കുഴികൾ കാരണം ഈ ഭാഗത്തേക്ക് ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷക്കാർ വരില്ലെന്നും പ്രദേശവാസികൾ പറയുന്നു.
റോഡ് പുനർനിർമ്മിക്കണമെന്ന് വർഷങ്ങളായി ജനപ്രതിനിധികളോട് ആവശ്യപ്പെടുന്നുണ്ട്. റോഡിന്റെ അവസ്ഥ ദിനംപ്രതി മോശമാവുകയാണ്
എച്ച്. ദിലീപ്കുമാർ (എസ്.എൻ.ഡി.പി യോഗം പട്ടത്താനം 450-ാം നമ്പർ ശാഖ മുൻ സെക്രട്ടറി)