കൊട്ടാരക്കര. വൃശ്ചികപ്പകൽച്ചൂടിനും രാവിൻ തണുപ്പിനും ഇടയിലേക്ക് ആതിര പൂത്തിറങ്ങി. 'വിഘ്നവിനായക ശ്രീഗണനാഥാ, വിശ്വം കാക്കുന്ന ശിവകുമാരാ...' പിൻപാട്ടുകാർ ആസ്വദിച്ച് പാടിയപ്പോൾ, കസവുടുത്ത കൗമാരം കൈകൊട്ടിക്കളിച്ചും ചുവടുവച്ചും വേദി നിറച്ചു. ഒത്തൊരുമിച്ചുള്ളൊരു ആനന്ദത്തിമിർപ്പ്.
ചമയത്തിലും ചുവടിലും ആർഭാടമില്ല. എന്നിട്ടും എന്തോ വല്ലാത്ത ഭംഗി!. പഴമയുടെ പെരുമവിടാതെ തന്മയത്വത്തോടെ ആഢ്യത്വം പുലർത്തിത്തന്നെ കൊച്ചുമങ്കമാർ കളിച്ചു. സെറ്റുമുണ്ടുടുത്ത് മുടി വട്ടക്കെട്ടുകെട്ടി ദശപുഷ്പം ചൂടി പേരിനൊരു മുല്ലമാലയിട്ട് കഴുത്തിൽ പൂത്താലിയും പാലക്കാമാലയുമണിഞ്ഞ് കൊല്ലത്തിന്റെ കൗമാരം തിരുവാതിര വൃശ്ചികച്ചോതിനാളിന് മിഴിവേകിയപ്പോൾ കലോത്സവത്തിലെ ഏറ്റവും ഹൃദ്യവിരുന്നായി തിരുവാതിരകളി.
രാവിലെ തുടങ്ങിയ യു.പി വിഭാഗത്തിന്റെ മത്സരം അവസാനിച്ചത് വൈകിട്ടോടെയാണ്. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾ വേദിയിലെത്തിയപ്പോൾ സന്ധ്യമയങ്ങി. മാനത്ത് ചന്ദ്രനുദിച്ചനേരം ഹയർ സെക്കൻഡറി വിഭാഗക്കാരുടെ തിരുവാതിരയും വേദിയിൽ പൂത്തിറങ്ങി. ഒന്നിനൊന്ന് മെച്ചമായ കളിയിൽ വിധി നിർണയത്തിനും ആശയക്കുഴപ്പങ്ങൾ പ്രകടമായിരുന്നു.
പുനുക്കന്നൂരിന് ഹാട്രിക്
യു.പി വിഭാഗം തിരുവാതിരകളിയിൽ കുണ്ടറ പുനുക്കന്നൂർ യു.പി.ജി.എസിലെ കുട്ടികളാണ് ഒന്നാം സമ്മാനം നേടിയത്. തുടർച്ചയായി മൂന്നാം വർഷമാണ് തിരുവാതിരയിൽ പുനുക്കന്നൂരിന്റെ ആധിപത്യം. 'കൊമ്പും കുടവയറുമുള്ള ഭഗവാനേ തുമ്പീമുഖനാം ഗണനായകാ' എന്ന പിൻപാട്ടിനൊത്ത് ചുവടുവച്ചാണ് ദേവനന്ദയും ശ്രേയകൃഷ്ണയും ഫാത്തിമ ഷമീറും ഇഷ ശ്രീകാന്തിം അശ്വമാലികയും ദേവിപ്രിയയും അശ്വതിയും ശ്രേയസുനിലും ഉത്തരയും അനന്യയും കാഴ്ചക്കാർക്ക് തിരുവാതിരകളി ഹൃദ്യാനുഭവമാക്കിയത്.