കൊട്ടാരക്കര: കഥകളിനാടിന് ആനന്ദത്തിന്റെ പകലിരവുകൾ സമ്മാനിച്ച കൗമാര കലാമാമാങ്കത്തിന് ഇന്ന് തിരശീലവീഴും. പ്രതിഭകളുടെ മാറ്റുരയ്ക്കൽ ഓരോ വേദിയിലും സൃഷ്ടിച്ച തരംഗങ്ങൾ ഇനിയുമേറെനേരമുണ്ടാകും. യുവത്വത്തിന്റെ ചടുലതയും താളവുമടക്കം നാളേയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് ഓരോ കാഴ്ചക്കാരനും അടിവരയിടുന്നു.

കൗമാര പ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാക്കുന്ന ഉജ്ജ്വല വേദികളെന്നതിനും അപ്പുറം ഗോത്രകലയടക്കം നാടിന്റെ തനതായ പല കലാരൂപങ്ങളും പുതിയ തലമുറയിലേക്ക് പകർന്നുകൊടുക്കാൻകൂടി കലോത്സവം ഉപകരിച്ചെന്ന് വിധികർത്താക്കളും സാക്ഷ്യപ്പെടുത്തി. കലോത്സവത്തിലെ നവാഗത ഇനങ്ങളായ അഞ്ച് ഗോത്രകലകളുമായി പുത്തൻ പ്രതിഭകൾ ഗംഭീര ഏറ്റുമുട്ടൽ നടത്തുന്നത് കൗതുകത്തോടെയാണ് നാട് വീക്ഷിച്ചത്. സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടാൻ വിദ്യാർത്ഥികളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും അദ്ധ്യാപ സംഘടനാ നേതാക്കളും പ്രവർത്തകരും പരിശീലകരും പക്കമേളക്കാരും ചമയക്കാരും ഊട്ടുപുരക്കാരും വോളണ്ടിയർമാരും പൊലീസുകാരും മാദ്ധ്യമ പ്രവർത്തകരും നടത്തിയ വലിയ പരിശ്രമം കൂടിയാണ് പര്യവസാനിക്കുന്നത്.

ഇന്ന് വൈകിട്ട് 5ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സമ്മാനദാനം നിർവഹിക്കും.