കൊട്ടാരക്കര: കൗമാര പ്രതിഭകളുടെ മിന്നൽ പ്രകടനങ്ങൾക്ക് വേദിയൊരുക്കിയ അറുപത്തിമൂന്നാമത് റവന്യു ജില്ലാ കലോത്സവത്തിന് സമാപനം കുറിക്കാൻ ഒരു പകൽദൂരം ശേഷിക്കെ, കലാകിരീടം കരുനാഗപ്പള്ളി ഉപജില്ല ഉറപ്പിച്ചു. 689 പോയിന്റുകൾ നേടിയാണ് കരുനാഗപ്പള്ളി കിരീടത്തിൽ മുത്തമിടാനൊരുങ്ങുന്നത്. ഇന്നത്തെ മത്സരങ്ങളിൽ പോയിന്റുനിലയിൽ അട്ടിമറിയുണ്ടായില്ലെങ്കിൽ കിരീടം മറ്റാർക്കും നൽകേണ്ടിവരില്ല.

636 പോയിന്റുമായി ചാത്തന്നൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 578 പോയിന്റുമായി കൊല്ലം മൂന്നാം സ്ഥാനത്തുണ്ട്. വെളിയം-575, പുനലൂർ- 574, കൊട്ടാരക്കര-552, ചടയമംഗലം-550, കുളക്കട-546, അഞ്ചൽ- 525, കുണ്ടറ-524, ശാസ്താംകോട്ട-517, ചവറ-482 എന്നിങ്ങനെയാണ് പിന്നിലുള്ളവർ. സ്കൂളുകളിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ അയണിവേലികുളങ്ങര ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് 184 പോയിന്റുകൾ നേടി മുന്നിലെത്തി. കടയ്ക്കൽ ഗവ.എച്ച്.എസ്.എസാണ് 128 പോയിന്റുനേടി രണ്ടാം സ്ഥാനത്തുള്ളത്. പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസ് 123 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമെത്തി. പോയിന്റുനിലയിൽ ചില്ലറ മാറ്റങ്ങൾ വന്നേക്കാം. അപ്പോഴും കരുനാഗപ്പള്ളി ഉപജില്ലയുടെ തുറുപ്പുചീട്ടായ ജോൺ.എഫ്.കെന്നഡി സ്കൂളിനെ അട്ടിമറിക്കാനാകില്ല.