കൊല്ലം: സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണർത്താനും ലക്ഷ്യമിട്ട് എസ്.വൈ.എസ് സംഘടിപ്പിച്ചുവരുന്ന മാനവ സഞ്ചാരം ഇന്ന് കൊല്ലം ജില്ലയിൽ. തൃശൂരിൽ ഡിസംബർ അവസാനം നടക്കുന്ന കേരള യുവജന സംഗമത്തിന്റെയും പ്ലാറ്റിനം ഇയറിന്റെയും ഭാഗമായി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ നവംബർ 16 ന് കാസർകോട് നിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് ഓച്ചിറയിൽ എത്തുന്നത്. ഡിസംബർ 1ന് തിരുവനന്തപുരത്ത് സമാപിക്കും.

ഓച്ചിറ ഏഷ്യൻ കഫെയിൽ യുവജന സംഘടനകളുടെ നേതൃത്വങ്ങൾ, മാദ്ധ്യമപ്രവർത്തകർ, വിദ്യാഭ്യാസ പ്രതിനിധികൾ, പ്രൊഫഷണലിസ്റ്റുകൾ, സംരംഭകർ എന്നിവരെ പങ്കെടുപ്പിച്ചുള്ള ടേബിൾ ടോക്ക് പ്രോഗ്രാം നടക്കും. ഉച്ചയ്ക്ക് 2ന് പ്രാസ്ഥാനിക സമ്മേളനവും 3.30ന് മാനവ സഞ്ചാരവും നടക്കും. എം.എൽ.എമാർ, എം.പിമാർ വിവിധ ജാതി -മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സാഹിത്യ പ്രമുഖർ ഡോ.അബ്ദുൽ ഹഖീം അസ്ഹരിയോടൊപ്പം അണിനിരക്കും.