കൊല്ലം: കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന പ്രതി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. ചിറയിൻകീഴ് മേലെ കടയ്ക്കാവൂർ പഴഞ്ചിറ കുന്നുവിള വീട്ടിൽ ബൈജുവാണ് (48) പിടിയിലായത്.

2022 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. മീനാടുള്ള ഒരു സ്റ്റേഷനറി കടയിൽ 500 രൂപയുടെ കള്ളനോട്ട് കൊടുത്ത് സാധനകൾ വാങ്ങിയ ശേഷം ബാക്കി തുകയായ 400 രൂപയുടെ യഥാർത്ഥ കറൻസി വാങ്ങുകയായിരുന്നു. ഈ കേസിൽ ബൈജുവിന്റെ സുഹൃത്ത് സുനീറിനെ നേരത്തെ പിടികൂടിയിരുന്നു.

2022 മുതൽ ഒളിവിലായിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് നിരീക്ഷിച്ചുവരികയായിരുന്നു. കടയ്ക്കാവൂർ പറകുന്ന് എന്ന സ്ഥലത്ത് പ്രതി എത്തിയതായി രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ക്രൈം ബ്രാഞ്ച് സംഘമെത്തി പിടികൂടുകയായിരുന്നു. കൊല്ലം ക്രൈം ബ്രാഞ്ച് എസ്.പി സുരേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ബി.വിനോദ്, എസ്.ഐമാരായ അബ്ദുൾ റഹൂഫ്, ഷിബു, സി.പി.ഒമാരായ അൻവർ, ഷാഫി, ശാലിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.