തൊടിയൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ പഞ്ചായത്ത് - മുൻസിപ്പൽ കേന്ദ്രങ്ങളിലേക്ക് പ്രധിഷേധ മാർച്ചും ധർണയും നടത്തി. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിലുറപ്പ് വരുത്തുക, പ്രതിദിന കൂലി 600 രൂപ ആക്കുക, അപ്രായോഗികമായ എൻ.എം.എം.എസ്, ജിയോടാഗ് എന്നിവ പിൻവലിക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
തൊടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരം കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കല അദ്ധ്യക്ഷയായി. എസ്.സുനിൽകുമാർ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി അംഗം ആർ.ശ്രീജിത്ത്, കെ.വി.വിജയൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീകല, ഷബ്നജവാദ്, ടി.മോഹനൻ, എ.സുനിത എന്നിവർ സംസാരിച്ചു.
ആലപ്പാട് പഞ്ചായത്ത് ഓഫീസിനു മുന്നിലെ സമരം യൂണിയൻ ജില്ലാപ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. അനി അദ്ധ്യക്ഷനായി. ടി.ബീന സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ലിജു, പ്രിയങ്ക, ചന്ദ്രൻ, രാമദാസ്, രാധ, പങ്കി, സുകേശിനി എന്നിവർ സംസാരിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളികളെ ആദരിച്ചു. കരുനാഗപ്പള്ളി മുൻസിപ്പൽ ഓഫീസിന് മുന്നിലെ സമരം യൂണിയൻ ഏരിയ സെക്രട്ടറി ആർ.സോമരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. രമണിയമ്മ അദ്ധ്യക്ഷയായി. സുകുമാരി സ്വാഗതം പറഞ്ഞു. സി.പി.എം ടൗൺ ലോക്കൽ സെക്രട്ടറി പ്രവീൺമനക്കൽ, ജെ.സോമൻ, ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.