
പോരുവഴി: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നാടൻ രുചി വൈഭവത്തിന്റെ വൻ ശേഖരമൊരുക്കി വിദ്യാർത്ഥികൾ ഭക്ഷ്യമേള നടത്തി. കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണ പദാർത്ഥങ്ങൾ മേളയുടെ മുഖ്യാകർഷണമായിരുന്നു. തനി നാടൻ വിഭവങ്ങളായ കപ്പപ്പുഴുക്ക്, അരിയുണ്ട, എള്ളുണ്ട,കായ വറുത്തത്, തെരളി, ഉണ്ണിയപ്പം, വിവിധയിനം പായസങ്ങൾ ബിരിയാണി,മന്തി, അച്ചാറുകൾ തുടങ്ങി മീൻകറിയും അരിപ്പത്തിരിയും വരെ വിപണന മേള പിടിച്ചടക്കി. മൈനാഗപ്പള്ളി ചാമവിള സി.എസ്.ഐ പള്ളിവികാരി റവ. തോമസ് ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ഹൗസ് കൂട്ടായ്മകളുടെ സ്റ്റാളുകൾ ചെയർമാൻ എ.എ.റഷീദ്, പി.ടി.എ പ്രസിഡന്റ് കുറ്റിയിൽ നിസാം, മാനേജർ വിദ്യാരംഭം ജയകുമാർ എന്നിവർ നിർവഹിച്ചു.പ്രിൻസിപ്പൽ എസ്.മഹേശ്വരി,സീനിയർ പ്രിൻസിപ്പൽ കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ.യാസിർ ഖാൻ, അക്കാഡമിക് കോഡിനേറ്റർമാരായ അഞ്ജനി തിലകം,ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനീത, അദ്ധ്യാപകരായ സാലിം അസീസ്, സന്ദീപ് വി.ആചാര്യ, റാം കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. മേളയിലൂടെ സമാഹരിച്ച ധനം സ്കൂൾ ചാരിറ്റി ഫണ്ടിലേക്ക് കൈമാറി.