കൊല്ലം: സാംസ്കാരിക വകുപ്പ്, കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ എന്നിവരുമായി സഹകരിച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യസാംസ്കാരികോത്സവത്തിന് ഇന്ന് തിരിതെളിയും.
ഇന്ന് രാവിലെ 10.30ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യും. സാഹിത്യകാരി അനിത നായർ മുഖ്യാതിഥിയാകും. എഴുത്തച്ഛൻ പുരസ്കാര ജേതാവ് എൻ.എസ്.മാധവനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ സ്റ്റേജുകളിലായി വൈവിദ്ധ്യമാർന്ന കലാ-സാഹിത്യ-സാംസ്‌കാരിക പരിപാടികൾ നാല് ദിവസങ്ങളിലായി നടക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി ക്യൂറേറ്ററും എഴുത്തുകാരിയുമായ ഷാർലോട്ട് കോട്ടനുമായുള്ള സംവാദ സദസ്. ഉച്ചക്ക് 2.30ന് കഥാപ്രസംഗ മത്സരം. കലാമണ്ഡലം ഒരുക്കിയ ദൈവദശകത്തെ ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരം വൈകിട്ട് 6ന് അരങ്ങേറും.
പുസ്തകോത്സവം ഇന്ന് മുതൽ
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഇന്ന് ആരംഭിക്കും. എഴുപത്തിയഞ്ചിൽ പരം പ്രസാധകർ പങ്കെടുക്കും. സാംസ്‌കാരികോത്സവം ഇന്ന് രാവിലെ 10ന് ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്യും. അനിത നായർ മുഖ്യാതിഥിയാകും. വൈകിട്ട് 4ന് രാജശ്രീ വാര്യർ പുസ്‌തകോത്സവം ഉദ്ഘാടനം ചെയ്യും. കൊല്ലത്തെ 874 ലൈബ്രറികളിൽ നിന്ന് വിദ്യാർത്ഥികളും സാംസ്‌കാരിക പ്രവർത്തകരും നാലുദിവസം നീളുന്ന സാംസ്‌കാരികോത്സവത്തിൽ പങ്കെടുക്കും. അന്താരാഷ്ട്ര സെമിനാറുകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ, പുസ്‌തക പ്രകാശനം, നാടകം, നൃത്താവിഷ്‌കാരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളുണ്ടാകും. സെമിനാറിൽ പങ്കെടുക്കുന്നവർ 100 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. രജിസ്റ്റർ ചെയ്യുന്നവർക്ക് 200 രൂപ മുഖവിലയുള്ള പുസ്‌തകങ്ങൾ സൗജന്യമായി നൽകും.
ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം
ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായുള്ള ചലച്ചിത്രമേള സംവിധായകൻ സയ്യിദ് മിർസ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയും സാംസ്‌കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമായി സംവാദപരിപാടിയും ഉണ്ടായിരിക്കും. നാളെ രാവിലെ 10.30ന് സമുച്ചയത്തിലെ ജോൺ എബ്രഹാം തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ആമുഖ പ്രഭാഷണം നടത്തും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഹെഡ് ഒഫ് സ്‌കൂൾ ഡോ. ബിനോ ജോയ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും.