photo
സി.പി.എം അഞ്ചൽ ഏരിയാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ആലഞ്ചേരിയിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. എസ്. ജയമോഹൻ, എസ്. വിക്രമൻ, ഡി.വിശ്വസേനൻ, ടി.അജയൻ, കെ.ബാബുപണിക്കർ, സുജാചന്ദ്രബാബു തുടങ്ങിയവർ സമീപം

അഞ്ചൽ: സി.പി.എം അഞ്ചൽ ഏരിയാ സമ്മേളനം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ആല‌ഞ്ചേരിയിൽ നടന്ന സമ്മേളനം എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ പെൻഷനുകൾ അനർഹർ കൈപ്പറ്റുന്നത് തടയാൻ സത്വരമായ നടപടികൾ ഉണ്ടാകുമെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാന ഗവൺമെന്റിനെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ ഇതുമൂലം ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.ജയമോഹൻ, എസ്.വിക്രമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ബാബു പണിക്കർ, സുജാ ചന്ദ്രബാബു തുടങ്ങിയവ‌ർ സംസാരിച്ചു. സംഘാടക സമിതി സെക്രട്ടറി ടി. അജയൻ സ്വാഗതവും ആർ.രാജീവ് നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ബഹുജന റാലിയും ചുവപ്പ് സേനയുടെ പരേഡും സംഘടിപ്പിച്ചിരുന്നു. റാലിയ്ക്ക് ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, സംഘാടക സമിതി സെക്രട്ടറി ടി. അജയൻ, കെ. ബാബുപണിക്കർ, സുജാചന്ദ്രബാബു, രഞ്ജു സുരേഷ്, വി.എസ്.സതീഷ്, അഡ്വ.വി. രവീന്ദ്രനാഥ് തുടങ്ങിയവ‌‌ർ നേതൃത്വം നൽകി.