കൊല്ലം: ദേശീയ മെഡിക്കൽ കമ്മിഷന്റെ നിബന്ധന പ്രകാരമുള്ള സ്ഥലം ലഭ്യമാക്കിയാൽ ആശ്രാമം ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്താമെന്ന് ഇവിടം സന്ദർശിച്ച ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ജനറൽ അശോക് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതല സംഘത്തിന്റെ പ്രാഥമിക നിഗമനം. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സന്ദർശനവും യോഗവും.
കഴിഞ്ഞ മാസം ചേർന്ന ഇ.എസ്.ഐ ഡയറക്ടർ ബോർഡ് യോഗം ആശ്രാമത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ നിലവാരത്തിലേയ്ക്ക് ആശ്രാമം ആശുപത്രി ഉയർത്താനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങൾ സ്ഥാപിക്കൽ, മാനവവിഭവ ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് മുൻഗണന നൽകും. യോഗത്തിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. എൽ.ധനശേഖരൻ, ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. ബി.ർസുമാദേവി, ഡെപ്യുട്ടി ഡയറക്ടർ പി.ആൻറണി രാജൻ തുടങ്ങിയവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
റഫർ ചെയ്യുമ്പോൾ എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കും
നിലവിലെ റഫറൽ നയം പുനപരിശോധിക്കും
കാർഡിയോളജി വിഭാഗം കാത്ത് ലാബോടെ ഇ.എസ്.ഐ നേരിട്ട് നടത്തും
കാർഡിയോളജി ഒ.പിയുടെ സമയം ദീർഘിപ്പിക്കും.
ന്യൂറോളജിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരെ നിയോഗിക്കും
ഡോക്ടർമാരുടേതടക്കമുള്ള തസ്തികകളിൽ സ്ഥിരം നിയമനം
റവന്യു വകുപ്പിൽ തടസം
ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് നേരത്തെ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കഴിയാത്ത സ്ഥലത്തിന്റെ ഭൂമി സംബന്ധമായ രേഖകൾ ക്രമപ്പെടുത്തി ലഭിക്കാത്തതിനാലാണ് റവന്യു വകുപ്പുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.
ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ജനറൽ അശോക് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സന്ദർശിച്ച ശേഷം മെഡിക്കൽ കോളേജ് ആക്കണമെന്ന ആവശ്യത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി