കൊട്ടാരക്കര: മേടത്തിരുവാതിരയ്ക്ക് ശേഷം കൊട്ടാരക്കര വീണ്ടുമൊരു ഉത്സവത്തിന് സാക്ഷ്യം വഹിച്ചു. കൗമാരം ആടിയും പാടിയും എഴുതിയും വരച്ചും നാടകം കളിച്ചും ഒരു ഉജ്ജ്വല ഉത്സവമൊരുക്കിയതിന് ഇന്നലെ രാത്രിയോടെ തിരശീലവീണു. പല വേദികളിലായി ഒത്തിരിയൊത്തിരി തർക്കങ്ങൾ, കൈയേറ്റങ്ങൾ, ഉന്തും തള്ളും തുടങ്ങി പേരുദോഷങ്ങൾ ഏറെയുണ്ടാക്കി.
എന്നിട്ടും കലയുടെ വസന്തോത്സവത്തിന് മാറ്റുകുറയാതെയായിരുന്നു വിടപറച്ചിൽ. തുടർച്ചയായി മൂന്നാം തവണയും കലോത്സവത്തിന്റെ "ആട്ടക്കപ്പ്" സ്വന്തമാക്കിയ ക്രെഡിറ്റിലാണ് കരുനാഗപ്പള്ളി.
രചനാ മത്സരത്തിൽ പിന്നാക്കം പോയെങ്കിലും കരുനാഗപ്പള്ളിയുടെ അശ്വമേധത്തെ ആരും പിടിച്ചുകെട്ടിയിരുന്നില്ല. അയണിവേലിക്കുളങ്ങര ജോൺ.എഫ്.കെന്നടി മെമ്മോറിയൽ വി.എച്ച്.എസ്.എസ് ആയിരുന്നു കരുനാഗപ്പള്ളിയുടെ തുറുപ്പുചീട്ട്. ഇവരുടെ പ്രതിഭകൾ വാരിക്കൂട്ടിയ പോയിന്റുകൾ ഓവറാൾ ചാമ്പ്യൻഷിപ്പിന് കരുനാഗപ്പള്ളിയെ പ്രാപ്തരാക്കി. മത്സരത്തിന് വേണ്ടിയല്ല, ഉത്സവത്തിന് വേണ്ടിയുള്ളതാണ് ഈ കലോത്സവമെന്ന മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അന്വർത്ഥമാക്കിയാണ് പല വേദികൾക്കും തിരശീല വീണത്. ഇനി തിരുവനന്തപുരത്ത് കാണാം എന്നുപറഞ്ഞ് ഒന്നാം സമ്മാനക്കാർ കൈകൊടുത്ത് പിരിഞ്ഞു.
ഒത്തിരി സൗഹൃദങ്ങൾക്ക് ഈ കലോത്സവം വഴിയൊരുക്കി. അത് വിദ്യാർത്ഥികളിൽ മാത്രമല്ല, ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, സംഘടനാ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, മറ്റ് കലാ പ്രവർത്തകർ തുടങ്ങി എല്ലാവരും ആ സൗഹൃദ കണ്ണികളിൽ ചേർന്നിട്ടുണ്ട്. മത്സര വേദികളെ കൂടാതെ ഊട്ടുപുരയിലും സംഘാടക സമിതി ഓഫീസുകളിലും മറ്റ് സജ്ജീകരണങ്ങളിലുമെല്ലാം എല്ലാവരും സജീവമായിരുന്നു. സമാപന സമ്മേളനം രാത്രിയോടെയായിരുന്നു. അപ്പോഴും കൊട്ടാരക്കര ഉത്സവ ലഹരിയിലായിരുന്നു.