കൊട്ടാരക്കര: കഥകളിനാടിന് കലയുടെ വസന്തോത്സവമൊരുക്കിയ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലാകിരീടത്തിൽ കരുനാഗപ്പള്ളി ഉപജില്ലയുടെ പൊന്മുത്തം. 944 പോയിന്റുകൾ നേടിയാണ് കരുനാഗപ്പള്ളി വിജയകിരീടത്തിൽ മുത്തമിട്ടത്. 916 പോയിന്റുനേടി ചാത്തന്നൂരാണ് രണ്ടാം സ്ഥാനത്ത്. 814 പോയിന്റോടെ പുനലൂർ മൂന്നാം സ്ഥാനത്തും 794 പോയിന്റോടെ കൊല്ലം നാലാം സ്ഥാനത്തുമെത്തി. വെളിയം- 776, കൊട്ടാരക്കര- 755, ചടയമംഗലം-750, അഞ്ചൽ-736, ശാസ്താംകോട്ട-734, കുണ്ടറ-713, ചവറ-665 എന്നീ ക്രമത്തിലാണ് പിന്നിലുള്ളവർ. സ്കൂളുകളിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ അയണിവേലികുളങ്ങര ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് 280 പോയിന്റുകൾ നേടി ചാമ്പ്യന്മാരായി. 190 പോയിന്റുനേടിയ ശാസ്താംകോട്ട പതാരം എസ്.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 186 പോയിന്റുനേടിയ കടയ്ക്കൽ ഗവ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി.