കൊല്ലം: ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള ജില്ലാ കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യാൻ ചേർന്ന കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്തെത്തി. പിരിച്ചുവിടൽ തീരുമാനം ഒരു വിഭാഗത്തെ സഹായിക്കുന്നതാണെന്നും ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് പറ്റിയ വീഴ്ച വ്യക്തമാക്കണമെന്നും ആവശ്യമുയർന്നു.

ഒരു വിഭാഗം മുൻകൂട്ടി ആസൂത്രണം ചെയ്താണ് സമ്മേളനങ്ങൾ അലങ്കോലമാക്കിയതെന്നും അവരുടെ ലക്ഷ്യമാണ് നടപ്പിലായിരിക്കുന്നതെന്നും ആരോപണം ഉയർന്നു. പാർട്ടി ഓഫീസിലേക്ക് മാർച്ച് നടത്തിയവർക്കും സമ്മേളനങ്ങൾ അലങ്കോലമാക്കിയവർക്കും എതിരെ നടപടി ഉണ്ടാകാത്തതിലുള്ള അമർഷവും യോഗത്തിൽ ഉയർന്നു.

22 വർഷം മുമ്പ് ഏരിയാ ജനറൽ

ബോഡിയിൽ ചെരുപ്പേറ്

പണ്ടേ വിഭാഗീയത അതിരൂക്ഷമായ കരുനാഗപ്പള്ളിയിൽ 2002ൽ അന്ന് സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ പങ്കെടുത്ത ഏരിയാ ജനറൽ ബോഡി യോഗത്തിൽ ചെരുപ്പേറ് നടന്നിട്ടുണ്ട്. സി.പി.ആശാൻ എന്നറിയപ്പെടുന്ന സി.പി.കരുണാകരൻപിള്ളയുടെയും ഏരിയാ സെക്രട്ടറിയായിരുന്ന എൻ.പരമേശ്വരൻ പോറ്റിയുടെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകളാണ് അന്നുണ്ടായിരുന്നത്.

ഇരുഗ്രൂപ്പുകളും തമ്മിലുള്ള വടംവലി ശക്തമായതോടെ ഏരിയാ സെക്രട്ടറി എൻ.പരമേശ്വരൻ പോറ്റി, സി.ഐ.ടി.യു നേതാവായിരുന്ന എൻ.രാജൻ, ഡി.പൊന്നൻ തുടങ്ങി ഒരു പക്ഷത്തുള്ളവരെ മാത്രം ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇത് റിപ്പോർട്ട് ചെയ്യാൻ കരുനാഗപ്പള്ളി പുതിയകാവ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ പിണറായിയും എത്തിയിരുന്നു. ജില്ലാ സെക്രട്ടറി തീരുമാനം പറഞ്ഞതിനെ പിന്നാലെ പരമേശ്വരൻ പോറ്റി അനുകൂലികൾ വേദിയിലേക്ക് ചെരുപ്പെറിഞ്ഞ ശേഷം മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് പോയി. അന്ന് കരുനാഗപ്പള്ളിയിലെ ഭൂരിഭാഗം ലോക്കൽ കമ്മിറ്റികളും വലിയൊരു വിഭാഗം പാർട്ടി അംഗങ്ങളും പരമേശ്വരൻ പോറ്റിക്കൊപ്പം ആയിരുന്നു. ഇവർ ഇ.എം.എസ്- ബി.ടി.ആർ- എ.കെ.ജി ജനകീയ വേദി എന്ന പേരിൽ സംഘടന രൂപീകരിച്ചു. പിന്നീട് എം.സി.പി.ആ‌ർ.യു ആയും മാറി.

പരമേശ്വരൻ പോറ്റിക്ക് പകരം ആദ്യം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ.എസ്.പ്രസന്നകുമാറിന് ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകി. പിന്നീട് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എ.കെ.ഭാസ്കരനെ സെക്രട്ടറിയായി നിയോഗിച്ചു. ഇതിനിടെ പാർട്ടിയിൽ വി.എസ് പക്ഷം ശക്തമായി. ഇപ്പോൾ രണ്ട് ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്ന സൂസൻകോടിയും പി.ആർ.വസന്തനും അന്ന് വി.എസ് പക്ഷക്കാരായിരുന്നു. 2005ലെ ഏരിയാ സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സംസ്ഥാന പ്രസിഡന്റായിരുന്ന പി.ആർ.വസന്തൻ ഏരിയാ സെക്രട്ടറിയായി. പിന്നീട് പി.ആർ.വസന്തനും സൂസൻകോടിയും പിണറായി പക്ഷത്തേക്ക് മാറി. ഏതാനും വർഷം മുമ്പാണ് ഇവർ പരസ്പരം തെറ്റിയത്.