p

തൃശൂർ: കലാമണ്ഡലം കൽപ്പിത സർവകലാശാലയെ സമ്പൂർണ സർവകലാശാലയാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ ഒഫ് ലിബറൽ ആർട്‌സ് തുടങ്ങും. ബിരുദ കോഴ്‌സുകൾക്കൊപ്പം മോഹിനിയാട്ടം, പാട്ട്, കഥകളി, ഉപകരണസംഗീതം തുടങ്ങി കലാവിഷയം കൂടി പഠിക്കാനാകും. തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും. ഇതു സംബന്ധിച്ച രൂപരേഖ കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്, വി.സി ഡോ. ബി. അനന്തകൃഷ്ണൻ എന്നിവർ സർക്കാരിന് നൽകിയിട്ടുണ്ട്. താമസിയാതെ അംഗീകാരം ലഭിച്ചേക്കും.

രാജസ്ഥാനിലെ അമിറ്റി, ഹരിയാനയിലെ അശോക തുടങ്ങിയ സ്വകാര്യ സർവകലാശാലകൾ ഇത്തരം കോഴ്‌സുകൾ വിജയകരമായി നടത്തുന്നുണ്ട്. അടുത്ത വർഷം നാലുവർഷ ബിരുദ കോഴ്‌സ് തുടങ്ങാനും പദ്ധതിയുണ്ട്.

കലാമണ്ഡലം കൽപ്പിത സർവകലാശാലയെ സമ്പൂർണ സർവകലാശാലയാക്കുന്നതിനായി നിയമസഭയിൽ അവതരിപ്പിക്കാനുള്ള ആക്ടിന്റെ കരട് രൂപം സാംസ്കാരിക വകുപ്പ് തയ്യാറാക്കുന്നുണ്ട്. അക്കാഡമിക് കാര്യങ്ങൾ ഉൾപ്പെടെ ആക്ടിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച രൂപരേഖ രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും.

വികസനം തനിമ നഷ്ടപ്പെടുത്താതെ

കെട്ടിടങ്ങളിൽ ഉൾപ്പെടെ കലാമണ്ഡലത്തിന്റെ തനിമ നഷ്ടപ്പെടാതെയാകും വികസനം. ഇതിനായി മുൻ വി.സി എം.വി. നാരായണൻ, മുൻ പ്രിൻസിപ്പൽ എം.പി.എസ് നമ്പൂതിരി എന്നിവരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. കലാമണ്ഡലം പരിസരത്തും മറ്റുമായി 25 ഓളം ഏക്കർ സ്ഥലം കണ്ടെത്തിയതു സംബന്ധിച്ച് റവന്യൂ വകുപ്പിന് വിവരം കൈമാറിയിട്ടുണ്ട്.