തൃശൂർ: തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആധുനികസൗകര്യങ്ങളോടെ പുനർനിർമ്മിക്കാനുളള നടപടികൾക്ക് ചേലക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം വേഗം കൂടും.
മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ തീരുമാനമെടുത്തെങ്കിലും ഉപതിരഞ്ഞെടുപ്പ് വന്നതോടെ മന്ദഗതിയിലായി. വിവിധ മേഖലയിലെ വിദഗ്ദ്ധരും പൊതുജനങ്ങളും യാത്രക്കാരും നൽകുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സമഗ്ര മാസ്റ്റർ പ്ലാനിൽ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും വിശദമായ ചർച്ചകൾ നടത്തിയ ശേഷമാകും നടപ്പാക്കുക.
ഗതാഗതമന്ത്രി തൃശൂരിലെത്തി നടപടികൾക്ക് തുടക്കം കുറിക്കും. ഗതാഗത പരിഷ്‌കാരം അടക്കമുള്ളവയും വിശദമായി ചർച്ച ചെയ്യും. മാസ്റ്റർ പ്‌ളാൻ തയ്യാറാക്കാൻ ഗവ. എൻജിനീയറിംഗ് കോളേജിനെ നിയോഗിച്ചിരുന്നു. പി.ഡബ്‌ളിയു.ഡിയുടെ സഹായത്തോടെയാണിത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടുളള മാസ്റ്റർ പ്ലാൻ ഏഴുവർഷം മുൻപ് സമർപ്പിച്ചെങ്കിലും നടപ്പായിരുന്നില്ല. പി. ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഈയിടെ നടപടികൾ വേഗത്തിലാക്കിയത്.
സുന്ദരമാക്കാൻ ശുചിത്വമിഷൻ
മാലിന്യമുക്ത നവകേരള ജനകീയ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് സുന്ദരമാക്കാൻ ശുചിത്വമിഷനും പദ്ധതിയുണ്ട്. വൃത്തിയും ഭംഗിയുമുള്ള പൊതുഗതാഗതസൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഇത് മാർച്ചിനുള്ളിൽ തന്നെ പൂർത്തിയാക്കും.യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിൽ സ്‌പോൺസർമാരുടെ സഹായത്തോടെ,ഫൈൻ ആർട്‌സ് കോളേജിലെ വിദ്യാർത്ഥികളുടെ സഹായത്തോടെ സൗന്ദര്യവത്കരണവും ലക്ഷ്യമിട്ടിട്ടുണ്ട്. യാത്രക്കാർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, പഴയ ബാഗുകൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് പ്രധാന മാലിന്യങ്ങൾ. ഇവ ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുന്നത് കാര്യക്ഷമമാക്കും. കടയുടമകളുടെ സഹകരണത്തോടെ ഇത് നടപ്പാക്കും.
ശുചിത്വമാക്കാൻ പദ്ധതികളേറെ
ബസ് സ്റ്റാൻഡ് സൗന്ദര്യവത്കരണത്തിന് ആദ്യഘട്ട ആലോചനായോഗത്തിൽ ശുചിത്വമിഷൻ അധികൃതരും ഏഴു ഡിപ്പോകളിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു.
- പി.എം. ഉബൈദ്, ഡി.ടി.ഒ, തൃശൂർ