
തൃശൂർ: പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുന്നതിനിടെ ചേലക്കരയിൽ കുടുംബസംഗമങ്ങൾ സജീവമാക്കി മുന്നണികൾ. കേന്ദ്ര- സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ തമ്പടിച്ചാണ് പങ്കെടുക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ കുടുംബസംഗമ വേദികളിൽ മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, കെ.പി.സി.സി സെക്രട്ടറിമാരായ അനീഷ് വരിക്കണ്ണാമല, ബി.ആർ.എം.ഷഫീർ, കെ.സി.വേണുഗോപാൽ തുടങ്ങിയവർ എത്തിയിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപും ഒട്ടും പിന്നിലല്ല. മന്ത്രി ഒ.ആർ.കേളു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, മന്ത്രി മുഹമ്മദ് റിയാസ്, കെ.രാധകൃഷ്ണൻ എം.പി തുടങ്ങിയ നേതാക്കളുടെ സജീവ സാന്നിദ്ധ്യമുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണന്റെ കുടുംബ സംഗമങ്ങളിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
തിങ്കളാഴ്ച വൈകിട്ട് 3ന് ചേലക്കരയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായും വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരുമായി 'മീറ്റ് വിത്ത് തരൂർ" പരിപാടിയും ചേലക്കര ജാനകി റാം ഓഡിറ്റോറിയത്തിൽ കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്.
പ്രാദേശിക വിഷയങ്ങളില്ല
ചേലക്കരയിലെ റൈസ് പാർക്ക്, അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് തുടങ്ങിയവ ഒഴിച്ചാൽ പൂരം കലക്കൽ, എ.ഡി.എമ്മിന്റെ മരണം, പൂരം വെടിക്കെട്ട്, കൊടകര കുഴൽപ്പണക്കേസ് എന്നീ പൊതുവിവാദങ്ങളാണ് പ്രധാന ചർച്ചാവിഷയം. അതേസമയം പെൻഷൻ കുടിശ്ശികയും മറ്റുമാണ് കുടുംബസംഗമങ്ങളിൽ ഉയർന്നുകേൾക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ മണ്ഡലത്തിൽ എത്തിക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.