അന്നമനട: ശിശു, വയോജന സൗഹൃദ പഞ്ചായത്തായ അന്നമനടയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ വിവിധ പരിപാടികളുടെയും അംഗൻവാടികളുടെ പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് നിർവഹിച്ചു. പഞ്ചായത്ത് അംഗം സുനിത സജീവൻ അദ്ധ്യക്ഷയായി. ബാലാവകാശ സംരക്ഷണ സന്ദേശം നൽകുന്ന നൃത്ത സംഗിതശിൽപ്പാവതരണം, കുട്ടികൾക്ക് നിയമ ബോധവത്കരണ ക്ലാസുകൾ, സാഹിത്യ രചനാ മത്സരങ്ങൾ, ബാലകലോത്സവം, കുട്ടികളുടെ നയരൂപീകരണം, ഭിന്നശേഷി കലോത്സവം, സി.ആർ.ജി പ്രവർത്തനം, മികവിന്റെ കേന്ദ്രം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കാനായി ക്യാപ്പ് പദ്ധതി തുടങ്ങിയ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. അന്നമനട പഞ്ചായത്തിലെ 31 അംഗൻവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.കെ. ഷിജു, ലളിത ദിവാകരൻ, ടി.കെ. സതീശൻ, മഞ്ജു സതീശൻ എന്നിവർ വിവിധ അംഗൻവാടികളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.